സ്പാ സെൻററുകളുടെ മറവിൽ മാരക ലഹരിയായ MDMA വിൽപ്പന നടത്തിയ സംഭവത്തിൽ വയനാട്ടിൽ യുവാവ് അറസ്റ്റിൽ. വയനാട് വൈത്തിരി തളിപ്പുഴയിൽ എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശ്ശേരി കാരാടി സ്വദേശി സായൂജ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 2.229 ഗ്രാം MDMA പിടിച്ചെടുത്തു.
എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി ഉണ്ടായത്. സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുക, അന്തർസംസ്ഥാന ലഹരി കടത്ത് തടയുക, വിപണന ശൃംഖലകൾ തകർക്കുക എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, സർക്കിൾ, റെയ്ഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡുകളാണ് നടന്നു വരുന്നത്.
പുതിയ അധ്യയനവർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ-കോളേജ് പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മുൻകാല ലഹരി കേസുകളിൽ പ്രതികളായവരെയും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെയും എക്സൈസ് സംഘം കർശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പ്രധാന പാതകളിലും അതിർത്തി മേഖലകളിലും രാത്രികാല പട്രോളിങ്ങും വാഹനപരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. കൂടാതെ, ട്രെയിനുകൾ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധനകൾ തുടരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

