വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തി മാലമോഷണം നടത്തിവന്ന അന്തർജില്ലാ കവർച്ചാ സംഘത്തിലെ രണ്ട് സ്ത്രീകൾ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് മധുരൈ സ്വദേശിനികളായ ആലങ്ങാനൂർ കണ്ണകി എന്ന അർച്ചന (രമ്യ – 30), തിരുപ്പരകോൺഡ്രം ഈശ്വരി (47) എന്നിവരെയാണ് തിങ്കളാഴ്ച പൊലീസ് പിടികൂടിയത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇവർ വ്യാപകമായി സ്വർണ്ണമാല കവർച്ച നടത്തിയിരുന്നു. പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
കുറ്റകൃത്യങ്ങൾക്ക് ശേഷം രക്ഷപ്പെടാനായി ഓട്ടോറിക്ഷകളിൽ മാറിമാറി സഞ്ചരിക്കുകയും വിവിധ ലോഡ്ജുകളിലായി മാറി താമസിച്ചു വരികയും ചെയ്തു. ഇന്നലെ ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്.
കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വിവിധ കോടതികളുടെ വാറണ്ടുകളും ഇവരുടെ പേരിലുണ്ട്. വ്യത്യസ്ത പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞാണ് ഇവർ മോഷണം നടത്തിവന്നത്.
ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിച്ചത്.
ഇതിന്റെ ഭാഗമായി ജില്ലയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. മാനന്തവാടി എ.എസ്.പി കാർത്തിക്, ഡിവൈഎസ്പിമാരായ എം.എം അബ്ദുൾ കരീം, ടി.എ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബസ് സ്റ്റാൻഡുകൾ, ബസുകൾ, ഓട്ടോറിക്ഷകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ പരിശോധനയ്ക്കൊടുവിലാണ് പ്രതികൾ പൊലീസ് വലയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

