പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങൾ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടി.
ചവറ പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ ശേഖരം കണ്ടെത്തിയത്. പന്മന വെറ്റമുക്ക് കുറ്റാമുക്കിനു സമീപം ഉള്ള ഒരു സ്വകാര്യ കെട്ടിടത്തിലെ രഹസ്യ ഗോഡൗണിൽ നിന്നാണ് പുഴുക്കലരി, പച്ചരി, കുത്തരി, ഗോതമ്പ് എന്നിവ അടങ്ങിയ 450 ലധികം ചാക്കുകൾ പിടിച്ചെടുത്തത്.
മുൻഗണന വിഭാഗത്തിനു വിതരണം ചെയ്യാനായി ഈ മാസം എട്ടിനു സിവിൽ സപ്ലൈസിനു കൈമാറിയ 300 ലധികം ആട്ട (ഗോതമ്പ് പൊടി) പാക്കറ്റുകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നുണ്ട്.
റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനായി നൽകിയ സാധനങ്ങളുടെ വൻ തോതിലുള്ള തിരിമറി കണ്ട് ഉദ്യോഗസ്ഥർ പോലും ഞെട്ടിയിരിക്കുകയാണ്. റേഷൻ സാധനങ്ങൾ വിവിധ ബ്രാൻഡുകളിലെ ചാക്കുകളിലാക്കി ഉയർന്ന വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുകയോ, ഗോതമ്പും പച്ചരിയും വൻകിട
മില്ലുകളിലേക്ക് മറിച്ചു കൊടുക്കുകയോ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക നിഗമനം. എഫ്സിഐയിൽ നിന്നുള്ള ചാക്കുകൾ മാറ്റി മറ്റ് ചാക്കുകളിലേക്ക് സാധനങ്ങൾ മാറ്റുന്നതിനായി ഉപയോഗിക്കുന്ന നൂൽ മിഷനും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
6 മാസം മുൻപ് ചവറ കൊട്ടുകാട് സ്വദേശിക്ക് കാലിത്തീറ്റ സൂക്ഷിക്കുന്നതിനായാണ് കെട്ടിടം വാടകയ്ക്ക് നൽകിയതെന്നാണ് കെട്ടിട ഉടമ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന വാനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6 നാണ് പൊലീസ് സംഘം പരിശോധനയ്ക്കായി ഇവിടെ എത്തിയത്.
അടച്ചിട്ടിരുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് പരിശോധിച്ചപ്പോഴാണ് വൻ തോതിലുള്ള ഭക്ഷ്യധാന്യ ശേഖരം വെളിച്ചത്തുവന്നത്. തുടർന്ന് കരുനാഗപ്പള്ളി സിവിൽ സപ്ലൈസ് അധികൃതരെ വിവരം അറിയിക്കുകയും അവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും പരിശോധന തുടരുകയും ചെയ്തു.
ഇന്ന് രാവിലെയോടെ സിവിൽ സപ്ലൈസിൻ്റെ കരുനാഗപ്പള്ളിയിലെ ഗോഡൗണുകളിലേക്ക് ഈ ഭക്ഷ്യധാന്യങ്ങൾ മാറ്റും. തുടർന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയ ശേഷം സാധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് റേഷൻ കടകൾ വഴി തന്നെ പൊതുജനങ്ങൾക്കായി വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ കേന്ദ്രത്തിൽ നിന്നും ലോറികളിൽ വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ കടത്തിക്കൊണ്ടു പോകുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ കേസെടുത്ത് അന്വേഷണം നടത്തി, ഇതിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തി കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ചവറ പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളി എസിപി ആർ.വിനോദ് കുമാർ, എസ്ഐ മാരായ സുജോ ജോർജ് ആൻ്റണി, ബി.ഓമനക്കുട്ടൻ, രാജേഷ് കുമാർ, സന്തോഷ്, സ്പെഷൽ ബ്രഞ്ച് എസ് ഐ ജി.വസന്തകുമാർ, എഎസ്ഐ പ്രമോദ്, സിപിഒ മാരായ രാജേഷ്, വിമൽകുമാർ, സുധീഷ്, പ്രശാന്ത്, ഹോംഗാർഡ് അബ്ദുൽ സലാം, സിവിൽ സപ്ലൈ ഓഫിസർ പി.സി.അനിൽകുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ പി.സുജ, എ.മഞ്ജു, എസ്.ജെ.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

