വയനാട്ടിലെ തോട്ടങ്ങളിൽ വേണ്ടത്ര പരിപാലനമില്ലാതെ നശിച്ചുപോയിരുന്ന ചക്കയ്ക്ക് കർണാടകയിലെ വിപണികളിൽ വൻ സ്വീകാര്യത ലഭിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസേന ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് അയൽസംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും ചക്ക ഇപ്പോൾ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. പച്ചച്ചക്ക, പഴുത്ത ചക്ക, കൂടാതെ പാത്രത്തിലാക്കി വിൽക്കുന്ന ചക്കച്ചുളകൾ എന്നിവയ്ക്ക് അവിടെ വലിയ ആവശ്യക്കാരാണുള്ളത്.
വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള പാതയോരങ്ങളിൽ ചക്ക വാങ്ങാനായി നിരവധി ആളുകളാണ് എത്തുന്നത്. വിപണിയിൽ അഞ്ച് ചുള അടങ്ങിയ ഒരു പാക്കറ്റിന് 30 രൂപയാണ് വില ഈടാക്കുന്നത്.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകന് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
വയനാട്ടിൽ നിന്നും ശേഖരിക്കുന്ന ചക്കകൾ ഉത്തരേന്ത്യൻ വിപണികളിലേക്കും അയക്കുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ കൊണ്ടുപോകുന്നത്.
വേനൽച്ചൂടിൽ പഴം കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ചക്കകൾ സുരക്ഷിതമായി കയറ്റി അയക്കുന്നത്. ഓരോ വർഷവും ടൺ കണക്കിന് ചക്കയാണ് ജില്ലയിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കയറിപ്പോകുന്നത്.
അതേസമയം, തോട്ടങ്ങളിൽ വിളയുന്ന ചക്കയുടെ വലിയൊരു ഭാഗം സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ പഴുത്ത് ചീഞ്ഞു നശിക്കുകയാണ്. ജില്ലയിൽ വിളയുന്ന ജൈവരീതിയിലുള്ള മറ്റ് പഴങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പഴവർഗ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും അവയുടെ വിപണനത്തിനോ സംസ്കരണത്തിനോ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

