സംസ്ഥാനത്ത് പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ക്ക് 20 രൂപ അധികമായി ഈടാക്കിവന്ന പദ്ധതി പിന്‍വലിച്ച നടപടി താൽക്കാലികം മാത്രമാണെന്ന് എക്സൈസ് മന്ത്രി എം.ലിജു വ്യക്തമാക്കി. വരാനിരിക്കുന്ന ഓണക്കാലത്തെ തിരക്കുകൾക്ക് ശേഷം ഈ പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്നത് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്ലാസ്റ്റിക് കുപ്പികള്‍ കൃത്യമായ രീതിയില്‍ പുനരുപയോഗം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും ഈ രീതി ഒരു നല്ല മാതൃകയാണെന്നാണ് താൻ വിലയിരുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദ്യം വാങ്ങുമ്പോൾ കുപ്പി തിരികെ നല്കുമ്പോള് പണം തിരികെ നല്കുന്ന ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി ബവ്കോ എം.ഡി കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്.
അധികമായി 20 രൂപ ഈടാക്കി കുപ്പികള്‍ ശേഖരിക്കുന്നത് പ്രായോഗികമായി ഫലപ്രദമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ പരാതികളും, ഔട്ട്ലെറ്റുകളിൽ കുപ്പികൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലപരിമിതിയും ഈ ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതിനു പകരമായി തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി കൂടുതൽ ഫലപ്രദമായ മറ്റ് മാർഗ്ഗങ്ങൾ നടപ്പിലാക്കുമെന്നും ബവ്കോ എം.ഡി വ്യക്തമാക്കിയിരുന്നു. തലസ്ഥാനമായ തിരുവനന്തപുരം, കണ്ണൂർ എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത 20 ഔട്ട്ലെറ്റുകളിലാണ് മുൻപ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നത്.
നിലവിലെ ഉത്തരവ് പ്രകാരം, ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം വിറ്റഴിച്ചിട്ടുള്ള പ്ലാസ്റ്റിക് കുപ്പികള്‍ വരുന്ന 20-ാം തീയതി വരെ ഉപഭോക്താക്കള്‍ക്ക് തിരികെ നൽകാവുന്നതാണ്. അതിനുശേഷം ഒരു കാരണവശാലും ഒഴിഞ്ഞ മദ്യകുപ്പികൾ സ്വീകരിക്കുകയോ ഇതിനായുള്ള റീഫണ്ട് തുക നൽകുകയോ ചെയ്യുന്നതല്ല.
ഈ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടിസുകൾ ഔട്ട്ലെറ്റുകളിൽ പ്രദർശിപ്പിക്കും. കൂടാതെ, പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കുന്നതിനായി കുടുംബശ്രീ, ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരെയും അധികൃതരുടെ നിർദ്ദേശപ്രകാരം ഈ മാസം 20-ന് ശേഷം പിൻവലിക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ മിഷന്റെയും ശുചിത്വ മിഷന്റെയും റീജിയണൽ മാനേജർമാർക്ക് ഔദ്യോഗിക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

