കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമം അരങ്ങേറിയത്.
ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് മോഷ്ടാവ് കൃത്യം നടത്തിയത്.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന പ്രതി, ജീവനക്കാരനെ മുറിയിൽ തടഞ്ഞു വെച്ച ശേഷം മോഷണം ആരംഭിക്കുകയായിരുന്നു. പിക്കാസുമായി എത്തിയ മോഷ്ടാവ് വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി മേശവലിപ്പ് കുത്തിത്തുറന്ന് പണം കവർന്നു.
തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം എടുക്കാൻ സാധിച്ചില്ല. പിന്നീട് ക്ഷേത്രനടയിലെ മേശയും, വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം മോഷ്ടിച്ചു.
പിന്നീട് പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങി. തുടർന്ന് മോഷ്ടാവും ജീവനക്കാരനും തമ്മിൽ സംഘർഷമുണ്ടായി.
ഇതിനിടെ ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 20,000 രൂപയോളം മോഷണം പോയതായി കാണിച്ച് ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റെ രണ്ട് ടോർച്ചുകൾ കണ്ടെടുത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ്, ഫൊറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

