പടിഞ്ഞാറത്തറ ∙ പാടേ തകർന്നു കിടക്കുന്ന റോഡ് നവീകരിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം അധികൃതർ അവഗണിച്ചതോടെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു നാട്ടുകാർ. സ്റ്റേഡിയം–ഞാറ്റാലപ്പടി റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ചാണു നാട്ടുകാർ രംഗത്തെത്തിയത്. റോഡ് തകർന്നതും ഓവുചാൽ ഇല്ലാത്തതും ഇവിടെ ദുരിതമായി തുടരുകയാണ്.
മില്ല്മുക്ക്, കുപ്പാടിത്തറ ഭാഗങ്ങളിലേക്ക് എളുപ്പമെത്താനും ബൈപാസായി ഉപയോഗിക്കുന്നതും ഈ റോഡാണ്.
കുഴിയടയ്ക്കാനും ടാറിങ്ങിനും ഫണ്ട് അനുവദിച്ചെങ്കിലും പ്രവൃത്തി നടത്താൻ അധികൃതർ തയാറായില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നത്. റോഡരികിലെ ഓവുചാൽ പാതി വഴി മൂടിയ നിലയിലായതോടെ റോഡരികിൽ മലിന ജലം തളംകെട്ടി കിടക്കുകയാണ്.
വെള്ളം ഒഴുകിപ്പോകാനുള്ള ഇടങ്ങൾ പൂർണമായും മണ്ണിട്ടു നികത്തിയിട്ടുണ്ട്. റോഡരികും കയ്യേറി മണ്ണിട്ടതായി പ്രതിഷേധക്കാർ ആരോപിക്കുന്നു.
മഴ പെയ്താൽ മലിന ജലം റോഡരികിലെ വീടുകളിലേക്ക് ഒഴുകിയെത്തുകയാണു.
ആശുപത്രി, അങ്കണവാടി, സാംസ്കാരിക നിലയം, സ്റ്റേഡിയം എന്നിവയിലേക്ക് എത്താനുള്ള പ്രധാന മാർഗം ആയതിനാൽ നൂറ കണക്കിന് ആളുകൾ ഉപയോഗിക്കുന്ന റോഡാണിത്. ഓവുചാൽ തകർന്നതോടെ ഇതിനു സമീപത്തെ അങ്കണവാടിയുടെ കിണറ്റിൽ മലിന ജലം ഒഴുകിയെത്തുന്നതായും പരാതിയുണ്ട്.
അതോടെ മറ്റൊരു കിണറിനെ ആശ്രയിക്കുകയാണിപ്പോൾ. മിക്കയിടങ്ങളിലും മണ്ണ് നികന്ന് റോഡിന് വീതി കുറഞ്ഞിട്ടുണ്ട്.
അതോടെ ഗതാഗതക്കുരുക്കും പതിവാണ്.
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതിനു വേണ്ടിയാണു സ്ഥാനാർഥിയെ നിർത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. റോഡ് സ്ഥിതി ചെയ്യുന്ന 12ാം വാർഡിലാണു തങ്കച്ചൻ പട്ടരുമഠം എന്ന സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

