പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ വീണ്ടും നഷ്ടത്തിന്റെ പാതയിൽ. തുടർച്ചയായ രണ്ടാംപാദത്തിലും നഷ്ടത്തിലേക്കു വീണെന്ന് മാത്രമല്ല, നഷ്ടം വൻതോതിൽ കൂടുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിൽ നഷ്ടം 1,347 കോടി രൂപയാണ്. ജൂൺപാദത്തിൽ 1,048 കോടി രൂപയായിരുന്നു.
മുൻവർഷത്തെ സമാനപാദത്തിൽ 1,242 കോടി രൂപയുടെ നഷ്ടവും കമ്പനി നേരിട്ടിരുന്നു.
ആസ്തിമൂല്യത്തിലുണ്ടായ കുറവും പ്രവർത്തനച്ചെലവിലെയും ബാധ്യതകളിലെയും വർധനയുമാണ് നഷ്ടം കൂടാനിടയാക്കിയത്. അതേസമയം, 4ജി സേവനം വ്യാപിപ്പിച്ച പശ്ചാത്തലത്തിൽ പ്രവർത്തന വരുമാനം പാദാടിസ്ഥാനത്തിൽ 2.8 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 6.6 ശതമാനവും ഉയർന്ന് 5,166.7 കോടി രൂപയിലെത്തി.
മൊബൈൽ സേവനങ്ങളിലെ വരുമാന വർധനയാണ് നേട്ടമായത്.
മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ രാജ്യത്ത് 4-ാം സ്ഥാനത്താണ് ബിഎസ്എൻഎൽ. 50.6 കോടി വരിക്കാരുമായി റലിയൻസ് ജിയോയാണ് ഒന്നാമത്.
ഭാരതി എയർടെൽ (36.4 കോടി), വോഡഫോൺ ഐഡിയ (19.67 കോടി) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ എണ്ണം 9.23 കോടി.
2024-25 സാമ്പത്തിക വർഷം ബിഎസ്എൻഎൽ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവർഷത്തെ (2025-26) ലക്ഷ്യം 27,500 കോടി രൂപയാണ്.
ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം 12% ഉയർന്നുവെന്നത് ബിഎസ്എൻഎലിന് നേട്ടമാണ്.
ജൂൺപാദത്തിലെ 81 രൂപയിൽ നിന്ന് 91 രൂപയായാണ് വർധന. ടെലികോം കമ്പനികളുടെ വരുമാനവളർച്ചയെ നിർണയിക്കുന്ന മുഖ്യഘടകമാണിത്.
നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 10.4% ഉയർന്ന് 10,193 കോടി രൂപയായിട്ടുണ്ട്. നഷ്ടമാകട്ടെ മുൻവർഷത്തെ സമാനകാലത്തെ 2,952 കോടി രൂപയിൽ നിന്ന് 2,405 കോടി രൂപയായി കുറയുകയും ചെയ്തു.
18 വർഷത്തിനുശേഷം ബിഎസ്എൻഎൽ ആദ്യമായി ലാഭം കുറിച്ചത് കഴിഞ്ഞ ഡിസംബർ പാദത്തിലായിരുന്നു.
262 കോടി രൂപയായിരുന്നു ലാഭം. തൊട്ടടുത്ത ജനുവരി-മാർച്ചിൽ ലാഭം 280 കോടി രൂപയായി ഉയർത്തുകയും ചെയ്തു.
തുടർന്നാണ്, ജൂൺപാദം മുതൽ കമ്പനി വീണ്ടും നഷ്ടത്തിന്റെ റേഞ്ചിലായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

