മാനന്തവാടി ∙ അമ്പുകുത്തിയിലെ 28 ഏക്കറിൽ എല്ലാ സൗകര്യങ്ങളുമുള്ള മെഡിക്കൽ കോളജ് ക്യാംപസ് ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. വയനാട് മെഡിക്കൽ കോളജിലെ ആദ്യബാച്ച് വിദ്യാർഥികളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജുകൾ ഉള്ള സംസ്ഥാനമായി കേരളം മാറി. എല്ലാ ജില്ലകളിലും ഗവ.
നഴ്സിങ് കോളജ് എന്ന ലക്ഷ്യവും കൈവരിച്ചു. മെഡിക്കൽ വിദ്യാഭ്യാസത്തിനു സംസ്ഥാനത്ത് സൗകര്യങ്ങൾ ഒരുക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
വയനാട് മെഡിക്കൽ കോളജിൽ 15 സൂപ്പർ സ്പെഷ്യൽറ്റി തസ്തികകൾ അനുവദിച്ചു.
ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകളും സൃഷ്ടിച്ചു. 45 കോടി ചെലവിൽ മൾട്ടി പർപ്പസ് ബ്ലോക്ക്, സ്റ്റേറ്റ് പ്ലാൻ ഫണ്ട് വിനിയോഗിച്ച് 8.23 കോടി ചെലവിൽ കാത് ലാബ് എന്നിവയും ആരംഭിച്ചു. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളും ആരംഭിച്ചു.
എൻഎച്ച്എം ഫണ്ടിൽ നിന്ന് 2.30 കോടി വിനിയോഗിച്ച് ആധുനിക മോർച്ചറി കോംപ്ലക്സ് സാധ്യമാക്കും. ഹഡ്കോയുടെ 70 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് സ്കിൽ ലാബ് സാധ്യമാക്കി.
എംഎൽഎ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ വിനിയോഗിച്ച് പവർ ലോൺട്രി, 20.61 ലക്ഷം രൂപയുടെ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് ഓക്സിജൻ ജനറേറ്റർ പ്ലാന്റ് എന്നിവയും പൂർത്തിയാക്കി. സംസ്ഥാനത്ത് ആദ്യമായി സിക്കിൾ സെൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് ജില്ലയിലെ സിക്കിൾ സെൽ രോഗികൾക്ക് ആശ്വാസമായതായും മന്ത്രി പറഞ്ഞു.
ജില്ലയെ സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ഒ.ആർ കേളു പറഞ്ഞു.
കലക്ടർ ഡി.ആർ.മേഘശ്രീ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി.വിശ്വനാഥൻ, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ.രത്നവല്ലി, അസി.കലക്ടർ പി.പി.അർച്ചന, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.മോഹൻദാസ്, ഡിപിഎം ഡോ.
സമീഹ സൈതലവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ആർ.ചാന്ദിനി, സൂപ്രണ്ട് കെ.എം.സച്ചിൻ എന്നിവർ പ്രസംഗിച്ചു.
നാടിന്റെ ഉത്സവമായി പ്രവേശനോത്സവം
∙ വയനാട് ഗവ. മെഡിക്കൽ കോളജിലെ ആദ്യ എംബിബിഎസ് ബാച്ച് വിദ്യാർഥികളുടെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.
മന്ത്രിമാരെ വാദ്യമേളങ്ങളോടെ ആനയിച്ചു. മെഡിക്കൽ കോളജ് പരിസരമാകെ അലങ്കരിച്ചിരുന്നു.
ആദ്യ എംബിബിഎസ് ബാച്ച് വിദ്യാർഥികൾക്ക് മന്ത്രി വീണാ ജോർജ് പനിനീർ പൂക്കൾ സമ്മാനിച്ചു. ലഡു വിതരണവും നടത്തി.
ഉദ്ഘാടന ചടങ്ങിന് ശേഷം സ്കിൽ ലാബിൽ മന്ത്രിമാരായ വീണാ ജോർജും ഒ.ആർ.കേളുവും വിദ്യാർഥികളുമായി സംസാരിച്ചു. ലാബ് സൗകര്യങ്ങൾ അടക്കമുള്ള വിദ്യാർഥികളുടെ ആശങ്കകൾക്കു പരിഹാരം ഉറപ്പു നൽകിയാണ് മന്ത്രിമാർ മടങ്ങിയത്.
പി.കെ.ജയലക്ഷ്മിക്ക് വേദിയിൽ ഇടം നൽകിയില്ലെന്ന് പരാതി
∙ മുൻ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് പ്രവേശനോത്സവ വേദിയിൽ ഇടം നൽകിയില്ലെന്ന് പരാതി. മെഡിക്കൽ കോളജിൽ വികസന സമിതിയയിൽ പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി കൂടിയായ ഇവർ സംഘാടക സമിതി യോഗത്തിലും പങ്കെടുത്തിരുന്നു.
എന്നാൽ, പ്രോഗ്രാം നോട്ടിസിൽ പേര് ഉൾപ്പെടുത്തിയില്ല. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജയലക്ഷ്മി ആൾക്കൂട്ടത്തിലായിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട
കലക്ടർ വേദിയിൽ നിന്ന് ഇറങ്ങി വന്ന് വേദിയിലേക്ക് ക്ഷണിച്ചെങ്കിലും ജയലക്ഷ്മി അത് നിരസിച്ചു. നിലവിൽ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന കെട്ടിടം ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോൾ നബാർഡ് ഫണ്ടിൽ നിന്ന് അനുവദിച്ചതാണെന്നും പരിപാടിയിൽ മുൻ മന്ത്രിയെ ഒഴിവാക്കിയത് മോശം നടപടിയാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

