സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത് ഒരു കൊച്ചുപെൺകുട്ടിയുടെ ഹൃദയം കവരുന്ന ഫ്രണ്ട്ഷിപ്പ് ഡേ വീഡിയോ ആണ്. കഴിഞ്ഞ വർഷം സഹപാഠികൾക്കെല്ലാം സൗഹൃദ വലയങ്ങൾ (ഫ്രണ്ട്ഷിപ്പ് ബാൻഡ്) സമ്മാനിച്ചിട്ടും തിരിച്ച് യാതൊന്നും ലഭിക്കാത്തതിന്റെ കടുത്ത നിരാശയിലായിരുന്നു ഈ മിടുക്കി.
എന്നാൽ ഇത്തവണ കൂട്ടുകാരെല്ലാം ഒത്തുചേർന്ന് നിരവധി ബാൻഡുകൾ നൽകി കുട്ടിയെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം ഉപയോക്താവായ അരുൺ തോമർ ആണ് ഈ മനോഹര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘കഴിഞ്ഞ വർഷം ആരും അവൾക്ക് ബാൻഡ് നൽകിയില്ല എന്നത് ഓർക്കുന്നുണ്ടോ… ഇന്ന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ’ എന്ന അടിക്കുപ്പിയോടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വീഡിയോയിൽ, ‘പപ്പാ, ഞാൻ എല്ലാവർക്കും ബാൻഡ് കൊടുത്തു, പക്ഷെ എനിക്ക് ആരും തന്നില്ല’ എന്ന് പെൺകുട്ടി ഏറെ വിഷമത്തോടെ പിതാവിനോട് പറയുന്ന രംഗമുണ്ട്.
‘എല്ലാവരും നിന്നെപ്പോലെയോ എന്നെപ്പോലെയോ ആകണമെന്നില്ലല്ലോ’ എന്ന് പിതാവ് അവളെ ആശ്വസിപ്പിക്കുമ്പോൾ, ‘സുഹൃത്തുക്കളെ സ്നേഹിക്കണം എന്ന് നിങ്ങളല്ലേ പറഞ്ഞത്’ എന്ന് അവൾ തിരിച്ചു ചോദിക്കുന്നുണ്ട്. തുടർന്ന് ‘അവർ നിന്നെ സ്നേഹിക്കുന്നില്ലേ’ എന്ന ചോദ്യത്തിന്, ‘സ്നേഹിക്കുന്നുണ്ട്, പക്ഷെ അവർ ബാൻഡ് തരാൻ മറന്നുപോയതാണ്’ എന്നായിരുന്നു കുട്ടിയുടെ പക്വതയാർന്ന മറുപടി.
ക്യാമറയ്ക്ക് മുന്നിൽ സങ്കടം കടിച്ചമർത്തിയെങ്കിലും വീട്ടിലെത്തിയ ശേഷം അവൾ ഇതിന്റെ പേരിൽ കരഞ്ഞിരുന്നു എന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ വർഷത്തെ ഫ്രണ്ട്ഷിപ്പ് ഡേയിൽ ചിത്രം പൂർണ്ണമായും മാറിമറിഞ്ഞു.
അളവറ്റ സന്തോഷത്തോടെ മുറിയിലേക്ക് ഓടിയെത്തുന്ന കുട്ടി, തന്റെ കൈ നിറയെ അണിഞ്ഞിരിക്കുന്ന ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ പിതാവിനെ ആവേശത്തോടെ കാണിക്കുന്നതാണ് പുതിയ ദൃശ്യങ്ങളിലുള്ളത്. ‘നാളെയാണ് ഫ്രണ്ട്ഷിപ്പ് ഡേ എങ്കിലും എല്ലാവരും ഇന്ന് തന്നെ എനിക്ക് തന്നു.
ഞാൻ ആർക്കും വാങ്ങിക്കൊണ്ടുപോയിട്ടില്ലായിരുന്നു, എന്നിട്ടും എല്ലാവരും എനിക്ക് തന്നു’ എന്ന് അവൾ സന്തോഷാധിക്യത്താൽ പറയുന്നു. ഓരോ ബാൻഡും തനിക്ക് സമ്മാനിച്ചത് ആരാണെന്ന് അവൾ ഓരോന്നായി എണ്ണിപ്പറയുന്നുമുണ്ട്.
അവൾ അർഹിച്ച സ്നേഹവും പരിഗണനയുമാണ് ഇപ്പോൾ തിരികെ ലഭിച്ചതെന്നാണ് വീഡിയോ കണ്ട നെറ്റിസൺസ് ഒരേ സ്വറിൽ അഭിപ്രായപ്പെടുന്നത്.
നിഷ്കളങ്കമായ സൗഹൃദത്തിന്റെയും നിർവ്യാജമായ സ്നേഹത്തിന്റെയും മൂല്യം ഓർമ്മിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

