വയനാട്ടിലെ വൃഷ്ടിപ്രദേശങ്ങളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് കബനിയിലെ ബീച്ചനഹള്ളി അണക്കെട്ട് പൂർണ്ണ സംഭരണ ശേഷിയിൽ എത്തി. ഈ വർഷം ആദ്യമായാണ് അണക്കെട്ടിലേക്ക് ഇത്രയധികം ജലമെത്തുന്നത്.
ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ വൈകുന്നേരത്തോടെ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഉയർത്തി. നിലവിൽ സെക്കൻഡിൽ 5,000 ക്യൂസെസ് എന്ന നിരക്കിൽ കബനിയിൽ നിന്ന് കാവേരിയിലേക്ക് ജലം ഒഴുക്കിവിടുന്നുണ്ട്.
കടുത്ത ജലക്ഷാമം നേരിടുന്ന തമിഴ്നാടിനും കർണാടകയ്ക്കും വയനാട്ടിലെ ഈ മഴക്കാലം ഏറെ ആശ്വാസകരമായി മാറിയിരിക്കുകയാണ്. നേരത്തെ, പ്രതിദിനം 3,500 ക്യൂസെസ് ജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന് കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണൽ കർണാടകയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ കാവേരിയിൽ മതിയായ ജലമില്ലെന്ന കാരണത്താൽ കർണാടക ഇതിനെ എതിർത്തത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിൽ കർണാടകയിലെ കർഷക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ബീച്ചനഹള്ളി അണക്കെട്ട് സ്ഥിതി ചെയ്യുന്ന എച്ച്ഡി കോട്ട ഉൾപ്പെടെയുള്ള മേഖലകളിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ നടന്നു. കൂടാതെ, ഈ മാസം 13ന് കർഷക സംഘടനകൾ കർണാടകയിൽ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് തമിഴ്നാട് മുഖ്യമന്ത്രിയുടെ കർണാടക സന്ദർശനവും റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വയനാട്ടിലും കുടക് വനമേഖലയിലും ലഭിക്കുന്ന കനത്ത മഴ സ്ഥിതിഗതികൾക്ക് മാറ്റം വരുത്തിയിരിക്കുകയാണ്.
നാഗർഹൊള വനപ്രദേശത്തുനിന്നാരംഭിക്കുന്ന ആരംഗി പുഴ കൂടി നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ കാവേരിയിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇതോടെ നദീജല വിഹിതത്തെ ചൊല്ലി ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് തൽക്കാലത്തേക്ക് വിരാമമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

