അമ്പലവയൽ ∙ സുബൈറിന്റെ ശപഥത്തിന് ‘മധുര’പ്രതികാര വിജയം. വീടിന്റെ ജനൽചില്ലുകൾ ഇനി മാറ്റി സ്ഥാപിക്കും.
അമ്പലവയൽ സ്കൂൾ ഗ്രൗണ്ടിന്റെ സമീപത്തായി താമസിക്കുന്ന സുബൈർ വയനാടിന്റെ ശപഥത്തിനാണ് അമ്പലവയൽ പഞ്ചായത്തിലെ യുഡിഎഫിന്റെ വിജയത്തോടെ അവസാനമായത്. 2020ലെ തിരഞ്ഞെടുപ്പിനാണ് സംഭവങ്ങളുടെ തുടക്കം. തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അഞ്ചാംവാർഡ് കൺവീനറായിരുന്ന അന്ന് സുബൈർ വയനാട്.
വാർഡിൽ ഏറ്റുമുട്ടിയത് യുഡിഎഫിലെ പി.ഷഫീക്കും എൽഡിഎഫിലെ കെ.ഷമീറുമായിരുന്നു. യുഡിഎഫിലെ പി.ഷഫീക്കിന്റെ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് സുബൈറായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണലിന്റെ തലേദിവസം അർധരാത്രിയിൽ വീട്ടിൽ ഉറങ്ങികിടക്കുമ്പോഴാണ് സുബൈറിന്റെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. രാത്രിയുടെ മറവിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ വീടിന്റെ മുൻവശത്തെ ജനാലച്ചില്ലും അലങ്കാരച്ചില്ലുകളും തകർന്നു. ആക്രമികൾ ഇരുട്ടിൽ ഒാടി രക്ഷപ്പെട്ടു.
അന്ന് മാനസികമായി വലിയ വിഷമമുണ്ടാക്കിയ സംഭവത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി വാർഡിൽ പരാജയപ്പെടുകയും ചെയ്തത് ഇരട്ടി വേദനയായി. ഇനി വാർഡിൽ യുഡിഎഫ് വിജയിക്കുകയും പഞ്ചായത്തിൽ അധികാരത്തിൽ വരികയും ചെയ്താൽ മാത്രമേ ചില്ലുകൾ മാറ്റുകയുള്ളൂവെന്ന് സുബൈർ പ്രതിജ്ഞ ചെയ്തു.
അഞ്ച് വർഷത്തിനിടെ 3 തവണ വീട്ടിൽ അറ്റകുറ്റപ്പണി നടന്നെങ്കിലും ജനൽച്ചില്ല് മാറ്റിയില്ല. 2020 ലെ തിരഞ്ഞെടുപ്പിൽ പോരാടിയവർ തന്നെ ഇക്കുറി സ്ഥാനാർഥികളായി വീണ്ടും വാർഡിൽ മൽസരിക്കാനെത്തി.
യുഡിഎഫിനായി പി. ഷഫീക്കും എൽഡിഎഫിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ.
ഷമീറും വീണ്ടും ഏറ്റുമുട്ടാനിറങ്ങി. വിജയം പി. ഷഫീക്കിനായിരുന്നു.
വീടിന്റെ മുൻപിലെ പൊട്ടിയ ജനൽ ചില്ലുകൾ 5 വർഷങ്ങൾക്ക് ശേഷം മാറ്റാനുള്ള ഒരുക്കത്തിലാണ് സുബൈർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

