തിരുവനന്തപുരം നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്നും വൈദ്യുതി നിയന്ത്രണം തുടരുന്നു. വൈകിട്ട് ആറിനും പത്തിനും ഇടയിലുള്ള സമയങ്ങളിൽ പലയിടത്തും നിരവധി തവണയാണ് പവർ കട്ട് അനുഭവപ്പെട്ടത്.
മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇടയ്ക്കിടെ നിലയ്ക്കുന്ന വൈദ്യുതി വിതരണം ജനങ്ങളെ വലിയ തോതിലാണ് വലയ്ക്കുന്നത്. രാത്രികാലങ്ങളിൽ വീടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഈ സ്ഥിതി വലിയ തലവേദനയായി മാറിയിട്ടുണ്ട്.
‘‘വൈകിട്ട് 7 മണിക്ക് ശേഷം നിരവധി തവണയാണ് ഇന്ന് കറണ്ട് പോയത്. വളരെ ബുദ്ധിമുട്ടാണ്.
വിയർത്തൊലിച്ചാണ് വീടുകളിൽ കഴിയുന്നത്. ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നതു കൊണ്ട് ഇൻവെർട്ടറിന്റെ ബാക്ക്അപ്പും പോയിരിക്കുകയാണ്.
നിരവധി ഐടി സ്ഥാപനങ്ങളിലെ ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രാത്രിയിലും പലരും വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നുണ്ട്.
അവർക്കെല്ലാം ഇത് വലിയ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസവും ഇതുതന്നെയായിരുന്നു അവസ്ഥ.
ഏതാണ്ട് രാത്രി 12.30 വരെ ഇടയ്ക്കിടയ്ക്ക് കറണ്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു’’– കൊച്ചി ഇരുമ്പനം സ്വദേശി സുനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
ഇന്ന് 125 മെഗാവാട്ട് അധിക വൈദ്യുതി ലഭിച്ചെങ്കിലും ആവശ്യത്തിന് വൈദ്യുതി തികഞ്ഞില്ല. ഇതേത്തുടർന്നാണ് പല പ്രദേശങ്ങളിലും ഇന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതും മൂലം സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരുന്നു. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയർന്നിട്ടുണ്ട്.
ഇതിനുപുറമേ രാജ്യവ്യാപകമായി ആവശ്യകത കൂടിയത് പവർ എക്സ്ചേഞ്ചിലൂടെയുള്ള ലഭ്യതയെയും ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.
കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനത്തിലും അപ്രതീക്ഷിത കുറവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 800 മുതൽ 900 മെഗാവാട്ട് വരെ വർധിച്ചിട്ടുമുണ്ട്.
മഴ മാറിനിൽക്കുന്ന സാഹചര്യം തുടർന്നാൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

