പ്രവര്‍ത്തി ദിനത്തിൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ സ്കൂൾ ഗ്രൗണ്ടിലേക്ക് കുതിരയുമായെത്തി വിദ്യാര്‍ഥികളില്‍ പരിഭ്രാന്തി പരത്തിയ സംഭവത്തില്‍ കുതിരയുടെ ഉടമയ്ക്കെതിരെ പൊലീസില്‍ ഔദ്യോഗിക പരാതി സമര്‍പ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
മാനന്തവാടി ജി.വി.എച്ച്.എസ്.എസിന്റെ മൈതാനത്തേക്ക് യാതൊരു അനുമതിയും സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണ് കുതിരയെ പ്രവേശിപ്പിച്ചത്. കുട്ടികള്‍ കായിക പരിശീലനത്തില്‍ ഏര്പ്പെട്ടിരിക്കവെയായിരുന്നു ഗ്രൗണ്ടിലേക്ക് കുതിര എത്തിയത്.
സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ കുതിരയെ ഓടിക്കാൻ ശ്രമിച്ചതോടെ പന്തികേട് മണത്ത മൃഗം ഭയന്നുപോവുകയും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട
കുതിര ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ കുതിച്ചെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്.
തലനാരിഴയ്ക്കാണ് കുട്ടികള്‍ വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്കൂളിന് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള അനധികൃത അതിക്രമങ്ങള്‍ തുടര്ക്കഥയാകുന്നുണ്ടെന്ന് പിടിഎ പ്രസിഡന്റ് എന്‍.ജെ ഷജിത്ത് വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സ്കൂളിന് സുരക്ഷാമതില്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ക്കായി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കുതിരയുടെ ഉടമക്കെതിരെയുള്ള പരാതി പോലീസിന് കൈമാറിയതായി സ്കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തി സ്കൂള്‍ കോമ്പൗണ്ടില്‍ അനധികൃതമായി കുതിരയുമായി പ്രവേശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്‍ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

