വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, സഞ്ചാരികളെ ആകർഷിക്കുന്നതിനായി നൂതന പദ്ധതികൾ ഉടൻ നടപ്പിലാക്കണമെന്ന് ശക്തമായ ആവശ്യം ഉയരുന്നു. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഓണക്കാലത്ത് പോലും സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവുണ്ടായത് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറി.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വരുമാനം കുത്തനെ ഇടിയുകയും, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് സാധാരണക്കാരുടെ ഉപജീവനം പ്രതിസന്ധിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഇടപെടലുകൾ വേണമെന്ന ആവശ്യത്തിന് പ്രാധാന്യം ഏറുന്നത്. മുൻകാലങ്ങളിൽ മഴക്കാലത്ത് ‘സ്പ്ലാഷ്’ പോലുള്ള പരിപാടികൾ സംഘപ്പിച്ച് സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കാൻ സാധിച്ചിരുന്നു.
എന്നാൽ ഇത്തവണ അത്തരം മുൻകൈകൾ ഒന്നും തന്നെ ഉണ്ടായില്ല. മൺസൂൺ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള വലിയ പദ്ധതികൾ സർക്കാർ തലത്തിൽ വയനാട്ടിലേക്ക് എത്തിക്കാനും സാധിച്ചില്ല.
സാഹസിക ടൂറിസം, ഇക്കോ ടൂറിസം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്നും, നിലവിൽ അടച്ചിട്ടിരിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിപ്പിക്കണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു. കുറുവ ദ്വീപ്, എടക്കൽ ഗുഹ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ സന്ദർശക നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
ജില്ലയുടെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന മണ്ണിടിച്ചിൽ പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും ഒരേസമയം പൂർണ്ണമായി അടച്ചിടുന്ന രീതി ടൂറിസം വികസനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
മഴക്കാലത്ത് പൂർണ്ണമായും സുരക്ഷിതമായിട്ടുള്ള കേന്ദ്രങ്ങൾ അടച്ചിടുന്നത് ഒഴിവാക്കിയാൽ ഒരു പരിധി വരെ സഞ്ചാരികളെ ആകർഷിക്കാനും അതുവഴി ടൂറിസം മേഖലയുടെ വരുമാനം പൂർണ്ണമായി നിലയ്ക്കുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കുമെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. തുരങ്കപ്പാതയിലെ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ യാത്രാ നിയന്ത്രണങ്ങൾ, കനത്ത മഴയും റെഡ് അലർട്ടും പ്രഖ്യാപിച്ച ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂർണ്ണമായും അടച്ചിട്ടത്, കൂടാതെ ചുരത്തിലെ ഗതാഗത തടസ്സങ്ങൾ എന്നിവയെല്ലാം ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് ഗണ്യമായി കുറയാൻ കാരണമായി.
സംസ്ഥാനത്തെ പ്രധാന സന്ദർശക കേന്ദ്രങ്ങളായ കാരാപ്പുഴ ഡാം, ബാണാസുരസാഗർ ഡാം, ഡി.ടി.പി.സിയുടെ കീഴിലുള്ള പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ എന്നിവിടങ്ങളിലെല്ലാം ഓണാവധി ദിവസങ്ങളിലും സന്ദർശകരുടെ വലിയ കുറവാണ് അനുഭവപ്പെട്ടത്. സഞ്ചാരികളുടെ വരവ് കുറഞ്ഞത് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്.
അവധി ദിവസങ്ങളിലും ഓണക്കാലത്തും മികച്ച വ്യാപാരം നടക്കേണ്ട സമയത്താണ് വരുമാനമില്ലാതെ ഇവർ ദുരിതത്തിലായത്.
കാരാപ്പുഴ ഡാമിന് സമീപമുള്ള പല കടകളും വരുമാനം പൂർണ്ണമായി നിലച്ചതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിടേണ്ടി വന്നു. സമാനമായ ദുരിതാവസ്ഥ തന്നെയാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളിലെ കച്ചവടക്കാരും നേരിടുന്നത്.
ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ടാക്സി വാഹനങ്ങൾക്കും ഇത്തവണ വിനോദസഞ്ചാരികളുടെ യാത്രകൾ വഴി ലഭിക്കേണ്ട വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

