ഇരിട്ടി ∙ തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയിലെ മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു. പിന്നിലെ ടയറിൽനിന്നു തീ ഉയരുന്നതുകണ്ട ഉടൻ ബസ് നിർത്തി ഡ്രൈവറുടെ ക്ലീനറും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
യാത്രക്കാരാരും ബസിൽ ഇല്ലായിരുന്നു. അപകടത്തെത്തുടർന്നു പാതയിൽ 4 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള 49 യാത്രക്കാരെ വിരാജ്പേട്ടയിൽ ഇറക്കി മടങ്ങുമ്പോൾ മെതിയടിപ്പാട
ഹനുമാൻ കോവിലിനു സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം. നീർവേലി സ്വദേശി പി.കെ.ജംഷീറിന്റെ ഉടമസ്ഥതയിലുള്ള ബിഷാര ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്.
39 ലക്ഷം രൂപയുടേതാണ് ബസെന്നു പി.കെ.ജംഷീർ പറഞ്ഞു.
പിന്നിലെ ടയറിന്റെ ഭാഗത്ത് തീ ഉയരുകയും ഉടൻ ടയർ പൊട്ടുകയുമായിരുന്നു. ഡ്രൈവർ മട്ടന്നൂർ സ്വദേശി ഷമീർ വണ്ടിനിർത്തി സഹായിയെയും കൂട്ടി വേഗം പുറത്തിറങ്ങി. ഇരിട്ടിയിൽ നിന്നു 2 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും ബസ് കത്തിനശിച്ചിരുന്നു.
തീ പൂർണമായും കെടുത്തി സുരക്ഷിതമാക്കിയ ശേഷമാണു ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടത്. ഇതിനകം നൂറുകണക്കിനു യാത്രക്കാർ ചുരത്തിൽ കുടുങ്ങിയിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.വി.വിജീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഇ.ജെ.മത്തായി, പി.കെ.ധനീഷ്, ആഷിക്ക്, ഹോം ഗാർഡുമാരായ ബെന്നി സേവ്യർ, രാധാകൃഷ്ണൻ, എ.അനൂപ്, പി.പി.ബിനോയി എന്നിവരാണ് അഗ്നിരക്ഷാ സംഘത്തിലുണ്ടായിരുന്നത്.
നിബിഡവനം;തീയണയ്ക്കാൻ വൈകി
∙ മാക്കൂട്ടം ചുരത്തിൽ ബസ് തീപിടിച്ചപ്പോൾ രക്ഷാകരങ്ങളുമായെത്താൻ അഗ്നിരക്ഷാസേനയ്ക്കു വേണ്ടിവന്നത് ഒരുമണിക്കൂറിലേറെ സമയം. ഇതും ബസ് പൂർണമായും കത്തി നശിക്കാൻ കാരണമായി.ചുരം 19 കിലോമീറ്റർ ദൂരം വനമേഖലയാണ്.
ജനവാസമില്ല; മൊബൈൽ ഫോൺ റേഞ്ച് പോലുമില്ല. ഇരിട്ടിയിൽനിന്നോ വീരാജ്പേട്ടിൽനിന്നോ അഗ്നിരക്ഷാസേന എത്തണം. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള നൂറോളം ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ അഗ്നിരക്ഷാ സേനയുടെ അടിയന്തര സഹായ മൊബൈൽ യൂണിറ്റുകൾ ഏർപ്പെടുത്തണമെന്ന ആവശ്യം നേരത്തേയുള്ളതാണ്.
ബസിന് തീപിടിച്ച വിവരം പുറംലോകത്തെ അറിയിക്കാൻ പോലും സാധിക്കാതെ ജീവനക്കാർ നിസ്സഹായരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

