ബത്തേരി ∙ കേരളത്തിൽ നിന്ന് കൊണ്ടുപോയ ഇഞ്ചിവിത്ത് പൊന്നു പോലെ വിളയുകയാണ് ഛത്തീസ്ഗഡിൽ. അവിടുത്തെ നാട്ടുകൃഷിപ്പാടങ്ങളും ഇപ്പോൾ മലയാളം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
മാവോയിസ്റ്റ് ഭീഷണിയുള്ള കൊടും വനമേഖലകൾ ഉൾപ്പെട്ട കൃഷിയിടങ്ങളിൽ സധൈര്യം ഇഞ്ചി വിളയിക്കുകയാണു കുറച്ചു മലയാളികൾ.
അവരിലേറെയും വയനാട്ടിൽ നിന്നുള്ളവർ.
ചലച്ചിത്ര സംവിധായകൻ ശരത് ചന്ദ്രൻ വയനാടും ഛത്തീസ്ഗഡിൽ ഇഞ്ചിക്കൃഷിയുടെ തിരക്കിലാണ്. വയനാട് കല്ലൂർ സ്വദേശിയായ രാജേഷിനൊപ്പമാണ് ശരത്ചന്ദ്രന്റെ ഇഞ്ചിക്കൃഷി.
വയനാട്ടിലെ കല്ലൂരിലായിരുന്നു ആദ്യം ശരത്ചന്ദ്രന്റെ കൃഷി. പിന്നെ കർണാടകയിൽ പരീക്ഷിച്ചു.
അവിടെ ഏക്കറിന് ഒന്നര ലക്ഷം രൂപ പാട്ടം നൽകി കൃഷി നടത്താനാകാതെ വന്നു.
അപ്പോഴാണ് കല്ലൂർ സ്വദേശികളായ ഷാജിയും രാജേഷും ഛത്തീസ്ഗഡിൽ ഇഞ്ചി വിളയിച്ച കഥ അറിയുന്നത്. അങ്ങനെ ഛത്തീസ്ഗഡിലെ ചിന്നാരിയിലെത്തി.
ഇപ്പോൾ രാജേഷുമൊത്ത് കൃഷി നടത്തുന്നു. ഛത്തീസ്ഗഡിൽ ഏക്കറിന് 20000 രൂപ മാത്രമാണ് പാട്ടത്തുക.
1555 കിലോമീറ്റർ താണ്ടി മലയാളികളുടെ ഇഞ്ചിക്കൃഷി
ഇന്ത്യയിൽ ഇഞ്ചിയുടെ കേന്ദ്രം വയനാട് ആയിരുന്നു.
പിന്നീടാണ് വയനാടിനോടു അതിർത്തി പങ്കിടുന്ന കർണാടകയിലെ കൂർഗിലേക്ക് കൃഷി വ്യാപിച്ചത്. ഒരേക്കറിൽ നിന്ന് 400 ചാക്ക് വരെ (24000 കിലോ) വിളവു കിട്ടിയതോടെ കർഷകർ കൂട്ടത്തോടെയെത്തി.
പാട്ടത്തുക 1000 ൽ നിന്ന് ഒന്നര ലക്ഷമായി.
കർഷകർ പലയിടങ്ങൾ മാറി വിദേശത്തു വരെ കൃഷിയുമായി നീങ്ങി. അങ്ങനെയാണ് ഛത്തിസ്ഗഡിലും കൃഷിയെത്തിയത് ഛത്തീസ്ഗഡിൽ ഇപ്പോഴും 15 ൽ താഴെ മലയാളികൾ മാത്രമാണ് കൃഷി ചെയ്യുന്നത് കൂടി വന്നാൽ ആകെ കൃഷി 250 ഏക്കറിൽ മാത്രം.
പാട്ടത്തുക കുറവാണെന്നതിനപ്പുറം കൂലിയും നാമമാത്രമാണ് ഛത്തീസ്ഗഡിൽ. സ്ത്രീകൾക്ക് 200 രൂപയും പുരുഷൻമാർക്ക് 300 രൂപയും മാത്രം.രാവിലെ 8 മുതൽ വൈകിട്ട് 5വരെയാണ് ജോലി സമയം.
ഭക്ഷണച്ചെലവും ഉൾപ്പെട്ടതാണ് ഈ കൂലി. വിളവ് 300 മുതൽ 400 ചാക്കു വരെ ലഭിക്കും.
ഇപ്പോൾ ഇഞ്ചിക്ക് കിലോയ്ക്ക് 45–50 രൂപ വിലയുണ്ട്.
60 കിലോയ്ക്ക് 2700 മുതൽ 3000വരെ. ഇതു തന്നെ ലാഭമെന്ന് കർഷകർ പറയുന്നു.
ഏക്കറിൽ നിന്ന് 8 മുതൽ 12 ലക്ഷം രൂപയുടെ വരെ വിളവ്. വില കൂടിയാൽ ലാഭം കുത്തനെ ഉയരും.
ഇതിന്റെ നാലിരട്ടി വരെ ഇഞ്ചിക്കു വില വന്നിരുന്നുവെന്ന് ഓർക്കണം.
കൃഷി വനഗ്രാമങ്ങളിൽ
കാട് വെട്ടിപ്പിടിച്ച ഗോത്ര വിഭാഗക്കാർക്ക് പിന്നീട് പട്ടയം കിട്ടിയ സ്ഥലങ്ങളിലാണ് കൃഷി. തീർത്തും വനമേഖലയാണെങ്കിലും വന്യജീവികൾ ഏറെയില്ലാത്ത കാടെന്ന് കർഷകർ പറയുന്നു.
മവോയിസ്റ്റ് ഭീഷണിയെന്നൊക്കെ പറയാറുണ്ടെങ്കിലും നിഷ്കളങ്കരായ ഗ്രാമീണർ നിറഞ്ഞ ഇവിടെ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കുഴൽ കിണർ നിർമിച്ചു നൽകിയാൽ പാട്ടത്തുക ഇല്ലാതെ കൃഷി ചെയ്യാനാകും.
ഛത്തീസ്ഗഡും ഒഡിഷയും അതിർത്തി പങ്കിടുന്ന മേഖലയാണ് ചിന്നാരി. ഒരു റോഡിന് അപ്പുറം ഒഡിഷയും ഇപ്പുറം ഛത്തീസ്ഗഡുമാണ്.
ചോളവും നെല്ലുമാണ് പ്രധാന കൃഷി.
മലയാളികളാണ് ഇഞ്ചി ആദ്യമെത്തിച്ചത്. ഗ്രാമീണർ കൗതുകത്തോടെയാണ് ഇഞ്ചിക്കൃഷി വീക്ഷിക്കുന്നത്.
ഏതാണ്ട് വയനാടിന്റെ അതേ കാലാവസ്ഥയാണ് ഈ കൃഷി മേഖലകളിലെന്ന് ശരത് ചന്ദ്രൻ പറയുന്നു. ഹിന്ദിയും ഛത്തീസ്ഗറിയും ഛത്തീസ്ഗഡിലെ ഭാഷ.
കൃഷിയിടങ്ങളിലെ ഷെഡുകളിലാണ് മലയാളികളുടെ താമസം. കൃഷി വ്യാപിച്ചതോടെ ഇപ്പോൾ ഇഞ്ചിക്കു വേണ്ടി പ്രത്യേകം മാർക്കറ്റും തുറന്നിട്ടുണ്ട്.
ഇഞ്ചിക്കൃഷിക്കായി എത്തി ഛത്തീസ്ഗഡിൽ നിന്ന് ജീവിതസഖികളെ കണ്ടെത്തിയവരുമുണ്ട്.
നൂൽപുഴ പഞ്ചായത്തിൽനിന്നുള്ള 2 പേർ ഛത്തീസ്ഗഡ് യുവതികളെ കല്യാണം കഴിച്ച് വയനാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മഴ തുടങ്ങിയാൽ അടഞ്ഞ മഴയാണെന്നും 3 രാവും പകലും താണ്ടി ഇവിടെയെത്തി നടത്തുന്ന കൃഷി രസകരമാണെന്നും പുതിയ സിനിമിക്കായി ഛത്തീസ്ഗഡിലെ ഇഞ്ചിപ്പാടത്തിരുന്ന് തയാറെടുക്കുന്ന ശരത് ചന്ദ്രൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

