പെരിയ ∙ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മകന്റെ ചികിത്സയ്ക്കായി 8.27 ലക്ഷം രൂപ ചെലവിട്ട പിതാവിന് മെഡിസെപ് പദ്ധതിയിൽനിന്നു ലഭിച്ചത് 10,000 രൂപ മാത്രം!
മെഡിസെപ് ആനുകൂല്യത്തിനായി ആശുപത്രിയിൽ മുഴുവൻ തുകയും മുൻകൂറായി അടച്ച കൊടക്കാട് സ്വദേശിയായ പ്രധാനാധ്യാപകനാണ് മെഡിസെപിൽനിന്ന് നാമമാത്രതുക ലഭിച്ചത്.
മാർച്ച് 12ന് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മകനെ കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിസെപ് പ്രീമിയം തുക കൃത്യമായി അടയ്ക്കുന്ന പിതാവാകട്ടെ ആശുപത്രി അധികൃതർ ആവശ്യപ്പെട്ട
രേഖകൾ സമർപ്പിക്കുകയും ചെയ്തു. 22 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ മകന് 4 ശസ്ത്രക്രിയകളും നടത്തി.
ഏപ്രിൽ 1ന് ഡിസ്ചാർജ് ആകുമ്പോൾ ആശുപത്രി ബില്ലിനത്തിൽ മാത്രം 8,27,930 രൂപയായി. 22 ദിവസത്തെ ഭക്ഷണച്ചെലവും മറ്റുമായി 9 ലക്ഷത്തിലധികം രൂപയാണ് ചെലവായത്.
മെഡിസെപ് ആയതിനാൽ മുഴുവൻ ബിൽ തുകയും ഡിസ്ചാർജിന് മുമ്പ് അടയ്ക്കണമെന്ന ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം അടയ്ക്കുകയും ചെയ്തു.
പിഎഫിൽ നിന്ന് വായ്പയെടുത്തും മറ്റുമാണ് തുക സംഘടിപ്പിച്ചത്. ഡിസ്ചാർജിനു ശേഷം മെഡിസെപ് അപ്രൂവൽ ആയാൽ തുക അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്തു തരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം ആശുപത്രി ഇൻഷുറൻസ് ഡെസ്കിൽനിന്ന് പ്രധാനാധ്യാപകനെ ഫോൺ ചെയ്ത് അറിയിച്ചത് താങ്കൾക്ക് മെഡിസെപിൽനിന്ന് 10,000 രൂപ അനുവദിച്ചിട്ടുണ്ടെന്നാണ്. ആശുപത്രിയിലെ ഒരു ദിവസത്തെ മുറിവാടക മാത്രം പതിനായിരത്തിനടുത്ത് വരുമെന്നാണ് അധ്യാപകൻ പറഞ്ഞത്.
2026 ജനുവരി മുതൽ മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയെങ്കിൽ സർക്കാർ ജീവനക്കാർക്ക് നിർബന്ധമായി അടിച്ചേൽക്കുന്ന ഈ പദ്ധതി കൊണ്ട് എന്താണു പ്രയോജനമെന്നാണ് അധ്യാപകന്റെ ചോദ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

