ഒറ്റപ്പാലം ∙ പടിഞ്ഞാറൻ മേഖലയുടെ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴയും കൈവഴികളും കൊടുംവേനലിൽ മെലിഞ്ഞുണങ്ങി. കഴിഞ്ഞ വർഷം മാർച്ച് മുതൽ കാലവർഷം തുടങ്ങുന്നതു വരെയും കൃത്യമായ ഇടവേളകളിൽ ഭേദപ്പെട്ട
മഴ ലഭിച്ചിരുന്നതിനാൽ വേനലിന്റെ കാഠിന്യം കുറവായിരുന്നു. ഇത്തവണ മഴ വഴിമാറി വേനൽ കത്തിജ്വലിക്കുകയാണ്.
പറളി, ലക്കിടി, മീറ്റ്ന, ഷൊർണൂർ ഉൾപ്പെടെ തടയണ പ്രദേശങ്ങളിൽ മാത്രമാണു നിലവിൽ പുഴയിൽ വെള്ളമുള്ളത്.
ഇതു തടയണകൾ കേന്ദ്രീകരിച്ചുള്ള ശുദ്ധജല പദ്ധതികൾക്ക് ആശ്വാസമാണ്. തടയണപ്രദേശങ്ങളിലെ കാർഷിക മേഖലയ്ക്കും കിണറുകളടക്കമുള്ള ജലസ്രോതസ്സുകൾക്കും കരുത്താണ് ഈ ജലസംഭരണം.
അതേസമയം, മറ്റു പ്രദേശങ്ങളിൽ പുഴ വറ്റിവരണ്ടതു തീരഗ്രാമങ്ങളിലെ വേനൽക്കാല കൃഷികൾക്കും ജലാശയങ്ങളിലെ ജലലഭ്യതയ്ക്കുമെല്ലാം തിരിച്ചടിയായിരിക്കുകയാണ്.
പുഴയുടെ കൈവഴികളായ മറ്റു ചെറുപുഴകളിലും തോടുകളിലുമെല്ലാം ഒഴുക്കു മുറിഞ്ഞ അവസ്ഥയുണ്ട്. പുഴ സംരക്ഷണത്തിന്റെ കൂടി ഭാഗമായി നിയമാനുസൃതം മണലെടുപ്പു പുനരാരംഭിക്കാനുള്ള നടപടികൾ പോലും നടന്നില്ല.
പുഴയിലെ മിക്ക തീരങ്ങളിലും മണൽത്തിട്ടകളുടെ അളവു കൂടുതലാണെന്നു ശാസ്ത്രീയമായ പരിശോധനയിൽ കണ്ടെത്തിയതിനു പിന്നാലെയാണു മണലെടുപ്പിനു സർക്കാർതലത്തിൽ ധാരണയായത്. നിലവിലെ സാഹചര്യത്തിൽ ഈ വേനലിലും മണലെടുപ്പു തുടങ്ങാൻ ഇടയില്ല.
മഴക്കാലമെത്തിയാൽ പിന്നെയും മണലെടുപ്പിന്റെ സാധ്യത മങ്ങും.
ഭാരതപ്പുഴയിലെ തടയണകളിൽ ജലലഭ്യത കുറഞ്ഞാൽ ആശ്രയം മലമ്പുഴ ഡാമാണ്. ഡാമിൽ നിന്നു പുഴയിലേക്കു വെള്ളം തുറന്നുവിട്ടു തടയണകൾ നിറച്ചാണു പമ്പിങ് മുന്നോട്ടുകൊണ്ടുപോകാറുള്ളത്.
ഇതിനു മുൻപു 2024ൽ ആയിരുന്നു സങ്കീർണമായ സാഹചര്യം. അന്നു മേയ് തുടങ്ങിയപ്പോഴേക്കു തടയണകളിലെ വെള്ളം വലിയ തോതിൽ താഴ്ന്നിരുന്നു.
ഡാം തുറന്നാണു സങ്കീർണമായ സാഹചര്യം ഒഴിവാക്കിയത്. 2016ലും 2019ലും സ്ഥിതി സമാനമായിരുന്നു.
ഇത്തവണ പുഴയിലെ തടയണകൾ നിലവിൽ സമൃദ്ധമാണെങ്കിലും വേനൽമഴ വൻതോതിൽ കുറഞ്ഞാൽ മേയ് മാസം പ്രതിസന്ധിയാകും. അപ്പോൾ മലമ്പുഴ വെള്ളം തന്നെയാകും ആശ്രയം.
ഇക്കാര്യത്തിൽ ഡാമിലെ ജലലഭ്യതയും നിർണായകമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

