മണിയങ്കോട് ∙ പൊന്നട-ചൂരിയാറ്റ റോഡിലൂടെ കടന്നുപോകണമെങ്കിൽ സർക്കസ് അഭ്യസിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. പാടേ തകർന്ന റോഡിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായിട്ട് നടുവൊടിക്കും യാത്രയാണ്.
നൂറുക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.12 ആദിവാസി ഉൗരുകളും ഇൗ റോഡിന് ഇരുവശങ്ങളിലായുണ്ട്.
പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡാണിത്.റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചൂരിയാറ്റ ജംക്ഷനിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. പ്രദേശത്തെ ക്വാറിയിലേക്കുള്ള ടോറസുകളുടെയും മരംകയറ്റി പോകുന്ന വലിയ ലോറികളുടെയും നിരന്തര ഓട്ടമാണു റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ കാൽനടയാത്ര പോലും അസാധ്യമാണ്.
മഴക്കാലത്ത് ചെളിയും വേനൽക്കാലത്തു പൊടിശല്യവും സഹിച്ചാണ് നാട്ടുകാർ കഴിയുന്നത്.കൽപറ്റ നഗരസഭാ പരിധിയിലെ മണിയങ്കോട്, പൊന്നട
പ്രദേശങ്ങളിലൂടെയും വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പ്, വാവാടി പ്രദേശങ്ങളിലൂടെയുമാണ് ഇൗ റോഡ് കടന്നു പോകുന്നത്. വലിയ വാഹനങ്ങൾക്ക് അനുയോജ്യമല്ലാത്ത റോഡായിട്ടും 30 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങളാണു ഇതിലൂടെ രാപകൽ വ്യത്യാസമില്ലാതെ കടന്നുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം വാഹനങ്ങളുടെ നിരന്തര ഓട്ടം റോഡിന് ഇരുവശങ്ങളിലെയും വീടുകൾക്കും ഭീഷണിയാണ്.
ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെ മണിയങ്കോട് പാലത്തിന് ബലക്ഷയം ഉണ്ടായതായും നാട്ടുകാർ പറയുന്നു. റോഡിന്റെ നവീകരണത്തിനായി തുക വകയിരുത്തിയെങ്കിലും ടോറസ് വാഹനങ്ങൾ പതിവായി കടന്നുപോകുന്നതിനാൽ റോഡിന് 5 വർഷത്തെ ഗാരന്റി നൽകാനാവില്ലെന്ന് പറഞ്ഞ് കരാറുകാർ പ്രവൃത്തി ഏറ്റെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

