കോഴിക്കോട്∙ ആട്ടവിളക്കിന്റെ പ്രഭ തെളിഞ്ഞു കത്തുന്ന 36 വർഷങ്ങൾ പൂർത്തിയാക്കി തോടയം കഥകളി യോഗം. മലബാറിൽ കഥകളിയുടെ തനിമ ഇന്നും പുതുമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്ന തോടയം കൂട്ടായ്മയുടെ വാർഷികമാണ് ഇന്നലെ ആഘോഷിച്ചത്.
കോട്ടയ്ക്കൽ പിഎസ്വി നാട്യസംഘത്തിന്റെ നളചരിതം മൂന്നാം ദിവസമാണ് വാർഷിക ദിവസത്തിൽ തോടയത്തിന്റെ അരങ്ങിലെത്തിയത്. നളനായി സുനിൽകുമാറും കാർക്കോടകനായി കൃഷ്ണദാസും ബാഹുകനായി ദേവദാസനും ദമയന്തിയായി ബാലനാരായണനും വേഷമിട്ടു. ഋതുപർണനായി പ്രദീപും ജീവലനായി അതുൽരാജും സുദേവനായി എ.ഉണ്ണിക്കൃഷ്ണനും എത്തി.
വി.നാരായണൻ, സന്തോഷ്കുമാർ, വിനീശ്, വിഷ്ണുനാരായണൻ എന്നിവർ പാട്ടുമായി പിന്നണിയിലെത്തി.
ചെണ്ടയിൽ പെരുക്കം തീർത്ത് പ്രസാദ്കുമാറും വിജയരാഘവനും മനീഷ് രാമനാഥനുമെത്തി. മദ്ദളത്തിൽ രവീന്ദ്രൻ, രാധാകൃഷ്ണൻ, പ്രതീഷ് എന്നിവരും പിന്നണിയൊരുക്കി.
സതീശും രവികുമാറുമാണ് ചുട്ടി കലാകാരൻമാർ. കഥകളിക്കു മുൻപ് പുറപ്പാടിന് ശ്രീകൃഷ്ണനായി ജനദത്തനും ബലരാമനായി നവനീതുമെത്തി.
മേളപ്പദവുമായി പനമണ്ണ ശശിയും പിഎസ്വിയുടെ കലാകാരൻമാരുമെത്തി. വാർഷികാഘോഷ പരിപാടികൾ എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
തോടയം പ്രസിഡന്റ് പി.കെ.കൃഷ്ണനുണ്ണി രാജ അധ്യക്ഷനായിരുന്നു. തോടയത്തിന്റെ വള്ളത്തോൾ പുരസ്കാരം ഫാക്ട് പദ്മനാഭനു നൽകി. ബാലകൃഷ്ണൻ തമ്പാൻ പുരസ്കാരം മദ്ദളം കലാകാരൻ ഗുരുവായൂർ കലാമണ്ഡലം ഹരിദാസ് വാരിയർക്കും പികെഎസ് രാജ പുരസ്കാരം ചുട്ടി കലാകാരൻ കലാനിലയം പത്മനാഭനും തോടയം പുരസ്കാരം ചെണ്ട
കലാകാരൻ പനമണ്ണ ശശിക്കും പ്രതിഭാ പുരസ്കാരം കലാമണ്ഡലം ദശാസ്യൻ പ്രദീപിനും നൽകി.
സാമൂതിരി പി.കെ.കേരളവർമ രാജ, കേരള കലാമണ്ഡലം റജിസ്ട്രാർ ഡോ.രാജേഷ്കുമാർ, മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, തോടയം ജനറൽ സെക്രട്ടറി ശ്രീജിത്ത് മേനോൻ, കെ.ബി.രാജാനന്ദ്, സുരേഷ് പാഴൂർ തുടങ്ങിയവർ പ്രസംഗിച്ചു. സുധീഷ് നമ്പൂതിരി എഴുതിയ നള കഥായനങ്ങൾ പുസ്തകം പ്രകാശനം ചെയ്തു.
തുടർന്ന് മാങ്കാവ് ടീം മാനദേവയുടെ തിരുവാതിരക്കളി അരങ്ങേറി. പല്ലാവൂർ വാസുദേവ പിഷാരടിയുടെ സോപാന സംഗീതവും അരങ്ങേറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

