കൽപറ്റ ∙ ജില്ലാ ഭരണകൂടം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ മേഖലകളിൽ നടപ്പാക്കിയ പദ്ധതികൾക്ക് നിതി ആയോഗിന്റെ അംഗീകാരം. രാജ്യത്തെ ആസ്പിരേഷനൽ ജില്ലകൾക്കും ബ്ലോക്കുകൾക്കുമായി നിതി ആയോഗ് പ്രഖ്യാപിച്ച ‘നീതി ഫോർ സ്റ്റേറ്റ്സ് യൂസ് കേസ്’ ചാലഞ്ചിൽ 4 പുരസ്കാരങ്ങളാണ് ജില്ലയ്ക്ക് ലഭിച്ചതെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കിയ സുരക്ഷ ക്യാംപെയ്നിന് ദേശീയതലത്തിൽ 3–ാം സ്ഥാനം ലഭിച്ചു.
ബത്തേരി ബ്ലോക്കിൽ നടപ്പാക്കിയ 3 പദ്ധതികളും നിതി ആയോഗിന്റെ പുരസ്കാരങ്ങൾക്ക് അർഹമായി. അർഹരായ എല്ലാവരെയും സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം സുരക്ഷാ ക്യാംപെയ്ൻ നടപ്പാക്കിയത്.
ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടത്തിയ പ്രവർത്തനത്തെ സാമ്പത്തിക ഉൾച്ചേരലും നൈപുണി വികസനവും ഉൾപ്പെട്ട
വിഭാഗത്തിലാണു പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. വെല്ലുവിളികൾ അതിജീവിച്ച് സാധ്യമാക്കിയ മാതൃകാപരമായ നേട്ടത്തിന് ജില്ലയ്ക്ക് 2 ലക്ഷം രൂപ അവാർഡ് തുകയായി ലഭിക്കും.
ആസ്പിരേഷനൽ ബ്ലോക്കുകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് ബത്തേരി ബ്ലോക്കിനു 3 പുരസ്കാരങ്ങളാണ് ലഭിച്ചത്. ആരോഗ്യ-പോഷകാഹാര മേഖലയിലെ പ്രവർത്തനങ്ങൾക്ക് 2 അവാർഡുകളും വിദ്യാഭ്യാസ മേഖയിലെ നേട്ടത്തിന് ഒരു അവാർഡുമാണ് ബത്തേരിക്ക് ലഭിച്ചത്.
ഗോത്ര മേഖലയിലെ സ്ത്രീകൾക്കു മെച്ചപ്പെട്ട
ഗർഭകാല പരിചരണം ലഭ്യമാക്കുന്നതിനു സ്വീകരിച്ച നടപടികൾ, അർഹരായവർക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ ലഭിക്കുന്നുണ്ടെന്നു ഉറപ്പാക്കാൻ സ്വീകരിച്ച പ്രവർത്തനങ്ങൾ, ആദിവാസി മേഖലകളിലെ സ്കൂളുകളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്കു തടയാൻ സ്വീകരിച്ച നടപടികൾക്കാണു യൂസ് കേസ് അംഗീകാരത്തിന് ജില്ല അർഹമായത്. 3 പുരസ്കാരങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം അവാർഡ് തുകയായി ലഭിക്കും.
യൂസ് കേസ് ചാലഞ്ച്
രാജ്യത്തെ ആസ്പിരേഷനൽ ജില്ലകളിലും ബ്ലോക്കുകളിലും നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് മുൻപിലെ വെല്ലുവിളികൾ നേരിട്ട് അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള മാതൃകാപരമായ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാനാണു കഴിഞ്ഞ വർഷം ഡിസംബറിൽ നിതി ആയോഗ് നീതി ഫോർ സ്റ്റേറ്റ്സ് യൂസ് കേസ് ചാലഞ്ച് പ്രഖ്യാപിച്ചത്.
6 മേഖലകളിലെ പ്രവർത്തനങ്ങളാണ് ഇതിനായി മാനദണ്ഡമാക്കിയത്. തുടർന്നു വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലകളെയും ബ്ലോക്കുകളെയും ദേശീയതലത്തിൽ പുരസ്കാരങ്ങൾക്കു തിരഞ്ഞെടുക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

