നീലേശ്വരം ∙ നഗരത്തിന്റെ വികസനസ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന തരത്തിലുള്ള അനാസ്ഥയാണ് 5 കോടി ചെലവിൽ നിർമിക്കുന്ന തെരു–തളിയിലമ്പലം റിങ് റോഡിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് എന്ന വിമർശനം ശക്തമാകുന്നു. നിർമാണം തുടങ്ങി ഒരു വർഷമായിട്ടും പല ഭാഗത്തും പണി പൂർത്തിയായിട്ടില്ല.
സോളിങ് മാത്രമാണ് പല സ്ഥലങ്ങളിലും നടത്തിയിട്ടുള്ളത്.
കരിങ്കല്ല് പാകി മാസങ്ങളായി ടാറിങ്ങിനു കാത്തിരിക്കുന്ന റോഡിലൂടെ പ്രതിദിനം നൂറുകണക്കിന് ആളുകളാണ് കടന്നുപോകുന്നത്. പൊടിശല്യവും രൂക്ഷമാണ്.
റോഡ് ടാർ ചെയ്ത ഭാഗങ്ങളിൽ ഉയരക്കൂടുതൽ കാരണം ആൾക്കാർ വീഴുന്നതും പതിവാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ഉയരവ്യത്യാസം നികത്താറുണ്ടെങ്കിലും ഇവിടെ അതും ചെയ്തിട്ടില്ല.
നിർമാണം പൂർത്തിയായ ഓവുചാലുകൾക്കു മുകളിൽ പല സ്ഥലങ്ങളിലും സ്ലാബും ഇല്ല.
പരുക്കേറ്റവർ കുട്ടികൾ മുതൽ മുതിർന്നവർ വരെ
കഴിഞ്ഞ ദിവസം തെരു റോഡിലെ വീട്ടിലേക്കു മകനെയും കൂട്ടി നടന്നുപോകുമ്പോഴാണ് റോഡരികിലെ കുഴിയിൽ വീണ് ബസാറിലെ കിങ്സ് ഇലക്ട്രിക്കൽസ് ജീവനക്കാരൻ കെ.വി.ശ്രീരാജിന്റെ (32) കാലൊടിഞ്ഞത്. ഭാഗ്യം കൊണ്ടാണ് 4 വയസ്സുള്ള മകൻ ധ്രുവിൻ രാജ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
തളിയിലമ്പലം റോഡിലെ കരിങ്കല്ല് പാകിയ റോഡിൽ വീണ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർഥിക്കു പരുക്ക് പറ്റിയതും അടുത്തിടെയാണ്.
സമീപത്തെ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരാണ് കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി വീട്ടുകാരെ വിവരമറിയിച്ചത്.
പ്രമേയം
റോഡ് നിർമാണത്തിലെ അനാസ്ഥയ്ക്കെതിരെ പ്രമേയം പാസാക്കിയാണ് വീവേഴ്സ് സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ പ്രതികരിച്ചത്. തെരു റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ മുൻപ് ഉണ്ടായിരുന്ന ഹമ്പുകൾ പുനഃസ്ഥാപിക്കണം എന്നും ഓവുചാലുകളുടെ കുഴികൾ സ്ലാബ് വച്ച് അടയ്ക്കണം എന്നുമാണ് ആവശ്യം.
മുൻപ് പല തവണ പരാതി നൽകിയിട്ടും ഒരു പരിഹാരവും ഇതുവരെ ഉണ്ടായില്ല എന്നു റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.സി.രാജൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

