മീനങ്ങാടി ∙ ശ്രീകണ്ഠഗൗഡർ സ്റ്റേഡിയം നവീകരണത്തിന് അഞ്ചു കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചു. ടെൻഡർ നടപടികൾ ആരംഭിച്ചതോടെ മീനങ്ങാടിയിലെ കായിക മേഖലയ്ക്ക് നേട്ടമാകും. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ട് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് എട്ട് ട്രാക്കുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെൻട്രൽ ലെവൻസ് ഫുട്ബോൾ ഗ്രൗണ്ട്, ക്രിക്കറ്റ് നെറ്റ്സ്, ജംപിങ്, ത്രോയിങ് അത്ലറ്റിക്സ് ഫീൽഡ് ഗ്രൗണ്ട്, ഗ്യാലറി, ടോയ്ലറ്റ് ആൻഡ് ഡ്രസിങ് റൂം, ക്രോസ് ഡ്രയിനേജ്, പ്രഭാത സവാരികാർക്കുള്ള നടപ്പാത ഉൾപ്പെടെ സ്റ്റേഡിയത്തിന്റെ തുടർ വികസന സാധ്യതകൾ മുൻകൂട്ടിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
ഭരണാനുമതി ലഭ്യമായ 5 കോടിയിൽ ലക്ഷത്തിൽ 2,60,000 രൂപ ചെലവഴിച്ച് നിലവിൽ പൈലിങ് പൂർത്തിയാക്കുകയും സോയിൽ സ്റ്റെബിലിറ്റി റിപ്പോർട്ട് തയ്യാറാക്കുകയും അത്ലറ്റിക് ട്രാക്കിന്റെ ഔട്ടർ ലൈൻ അളന്നുതിട്ടപ്പെടുത്തി കോൺക്രീറ്റിൽ മാർക്ക് ചെയ്യുന്നതും പൂർത്തിയാക്കി. ഇലക്ട്രിക്കൽ എസ്റ്റിമേറ്റിൽ 1.04 കോടിക്ക് സ്റ്റേഡിയത്തിന് ആവശ്യമായ പ്രകാശ സംവിധാനമൊരുക്കുന്നതിനുള്ള നാല് ഫ്ലഡ് ലൈറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
3.93 കോടിയിൽ മറ്റു നിർമാണ പ്രവർത്തനങ്ങളിൽ ആദ്യഘട്ടമായി നാനൂറ് മീറ്റർ എട്ട് ലൈൻ ട്രാക്ക്, ക്രോസ് ഡ്രെയിനേജ് സിസ്റ്റം, ഫുട്ബോൾ ടർഫ് ഗ്രൗണ്ട്, ടർഫിന് പുല്ല് പകൽ, നനയ്ക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്പ്രിംഗ്ലർ സിസ്റ്റം, ഫെൻസിങ് സംരക്ഷണഭിത്തി മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്.
മീനങ്ങാടിയിൽ ഉണ്ടായിരുന്ന മിനി സ്റ്റേഡിയത്തിന്റെ വിപുലീകരണത്തിന് എച്ച്.എസ്. ശിവകണ്ടപ്പ നൽകിയ പണം ഉപയോഗിച്ച് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് വൈദ്യർ ചെയർമാനയിട്ടുള്ള കമ്മിറ്റി ആറര ഏക്കർ ഭൂമി ഏറ്റെടുക്കുകയും 1989ൽ ഗ്രാമപഞ്ചായത്തിന് കൈമാറുകയും ചെയ്ത സ്ഥലമാണ്. ഭൂമി സംബന്ധമായ വ്യവഹാരങ്ങൾ തുടരുന്നതിനിടയിൽ കോടതിയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി തർക്ക ഭൂമിക്ക് പുറത്ത് 400 മീറ്റർ ട്രാക്കിനുള്ള പുതിയ അലൈൻമെന്റ് പ്രകാരമാണ് പ്രവർത്തിക്കുള്ള പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
ഫുട്ബോളിലും അത്ലറ്റിക്സിലുമായി ഒട്ടനവധി ദേശീയ താരങ്ങളടക്കം വളർന്ന് വന്നത് ഈ സ്റ്റേഡിയത്തിലൂടെയാണ്. നിലവിൽ ഒട്ടേറെ കായിക താരങ്ങൾ പരിശീലനം നടത്തുന്നുമുണ്ട്.
സ്റ്റേഡിയത്തിന് ഭരണാനുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്.
ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ബജറ്റിൽ ഉൾപ്പെടുത്തേണ്ട പ്രവർത്തികളിൽ പ്രഥമ പരിഗണന നൽകുകയും മന്ത്രി കെ.എൻ.ബാലഗോപാലിനെ നേരിൽകണ്ട് സ്റ്റേഡിയത്തിന്റെ പ്രാധാന്യം ശ്രദ്ധയിൽപ്പെടുതിന്റെ അടിസ്ഥാനത്തിലാണ് 24 -25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ അഞ്ചു കോടി സ്റ്റേഡിയത്തിന് അനുവദിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ ഫുട്ബോൾ അക്കാദമിയുടെയും അത്ലറ്റിക്സ് അക്കാദമിയുടെയും പരിശീലനങ്ങൾക്കും സ്റ്റേഡിയം ഏറെ സഹായകരമാകും. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയുടെ കായിക തലസ്ഥാനമായി മീനങ്ങാടി മാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

