ചട്ടങ്ങൾ ലംഘിച്ച് തങ്കമല കരിങ്കൽ ക്വാറിയിൽ ഉഗ്ര സ്ഫോടനം; ഉറക്കമില്ലാതെ നാട്ടുകാർ
കീഴരിയൂർ ∙ തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലായി 4.9237 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തങ്കമല കരിങ്കൽ ക്വാറിയിൽ ചട്ടങ്ങൾ ലംഘിച്ചു നടത്തുന്ന ഉഗ്ര സ്ഫോടനം പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നു. ഖനനത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തിന്റെ തൊട്ടുമുകൾ ഭാഗത്തായി വലിയ ഗർത്തം രൂപപ്പെട്ടതും ജനങ്ങളെയാകെ ആശങ്കയിലാക്കി. വ്യവസ്ഥകൾ പാലിക്കാതെയാണ് ക്വാറി പ്രവർത്തനം നടക്കുന്നതെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വ്യവസ്ഥകൾ ലംഘിച്ചാണ് 250 മീറ്ററോളം താഴ്ചയിലേക്കു ഗർത്തങ്ങൾ ഉണ്ടാക്കി ഖനനം നടക്കുന്നത്. മഴയെ തുടർന്നു ക്വാറിയിലെ മാലിന്യങ്ങളും പാറപ്പൊടിയും ബേബി മെറ്റലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ വീടുകളിലേക്കും കനാലിലേക്കും ഒലിച്ചിറങ്ങിയിരുന്നു. ഖനനം കാരണം സമീപപ്രദേശങ്ങളിലുള്ള വീടുകളിലെ കിണറുകൾ മലിനമാവുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്യുന്നു.
രാത്രിയിലെ ഖനനം കാരണം കുട്ടികൾക്കു സ്വസ്ഥമായി പഠിക്കാനും ഉറങ്ങാനും സാധിക്കുന്നില്ല.
ടോറസ് ലോറികളുടെ ചീറിപ്പാച്ചിൽ സ്കൂൾ വാഹനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നു. മൂരാട് മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള ദേശീയപാതയുടെ വികസന പ്രവൃത്തികൾക്ക് ആവശ്യമായ മെറ്റലാണ് തങ്കമലയിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്നത്. ദിവസവും 100 ലോഡിലധികം ബോളർ, മെറ്റൽ, ക്വാറി വേസ്റ്റ് എന്നിവ ടോറസ് ലോറികളിൽ കയറ്റി കൊണ്ടു പോകുന്നതു കാരണം റോഡിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന ഖനനത്തിനെതിരെ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

