പിണങ്ങോട് ∙ എടത്തറക്കടവ് പാലത്തിൽ കെഎസ്ആർടിസി ബസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ പുലർച്ചെ 5ന് ഈ വഴി പോയ മാനന്തവാടി–തിരുവനന്തപുരം ബസ് ആണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
വളവ് തിരിഞ്ഞു വരുന്ന ബസ് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. കൈവരിയുടെ ഒരു ഭാഗം തകർന്ന് പുഴയിലേക്ക് ചാഞ്ഞ നിലയിലാവുകയും ബസിന്റെ മുൻ ഭാഗം ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.
കൈവരിയിൽ ഇടിച്ച ബസ് അൽപം മുന്നോട്ട് നീങ്ങിയാൽ വൻ അപകടം സംഭവിക്കുമായിരുന്നു.
കൽപറ്റ–പടിഞ്ഞാറത്തറ റോഡിൽ സ്ഥിരം അപകട മേഖലയാണ് ഇവിടം.
കൽപറ്റ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വളവു തിരിഞ്ഞ് എത്തുന്നത് പാലത്തിലേക്കാണ്. വളവിൽ ആയതിനാൽ പാലം ഉണ്ടെന്ന് മുൻകൂട്ടി അറിയാൻ ഡ്രൈവർമാർക്ക് സാധ്യമല്ല.
അതാണ് അപകടത്തിന് ഇടയാക്കുന്നത്. പാലത്തിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് എതിർ ദിശയിൽ നിന്നു വരുന്ന വാഹനം കാണുകയുള്ളൂ. ഇവിടെ സുരക്ഷ ഒരുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊള്ളുന്നില്ലെന്ന പരാതിയുണ്ട്.
എന്നാൽ റോഡ് പണി നിലച്ചതാണ് സുരക്ഷാ സംവിധാനവും മുടങ്ങാൻ ഇടയാക്കിയത്.
കൽപറ്റ–പടിഞ്ഞാറത്തറ റോഡിന്റെ നവീകരണ പ്രവൃത്തി മുടങ്ങിയിട്ട് 3 വർഷമായി. നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് സൂചന ബോർഡുകളും മറ്റ് സുരക്ഷാ സംവിധാനവും ഒരുക്കുന്നത്.
റോഡ് പണി അനന്തമായി നീളുന്നത് ഈ പാതയിൽ നിരന്തരം അപകടങ്ങൾക്കും വഴിവയ്ക്കുന്നു. പ്രവൃത്തി മുടങ്ങിയതിനെത്തുടർന്ന് നിലവിലെ കരാറുകാരനെ ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ ആദ്യ ഘട്ട ടാറിങ് ആണ് പൂർത്തിയാക്കിയത്.
രണ്ടാം ഘട്ട ടാറിങ്ങും മാർക്കിങ് അടക്കമുള്ള ജോലികളും ആണ് ഇനി പൂർത്തിയാകാനുള്ളത്.
പ്രവൃത്തി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടെൻഡറിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പടിഞ്ഞാറത്തറ മുതൽ കൽപറ്റ വരെ ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചതും റോഡ് പണി മുടങ്ങാനുള്ള ഒരു കാരണമായിരുന്നു. ഇതിന് ആവശ്യമായ പൈപ്പ് എത്തിച്ച് റോഡരികിൽ കൂട്ടിയിട്ടു എന്നല്ലാതെ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
എന്നാൽ ഇനി ഈ പ്രവൃത്തിക്കു കാത്തു നിൽക്കേണ്ടെന്നാണ് പൊതു മരാമത്ത് അധികൃതരുടെ തീരുമാനം എന്നാണറിയുന്നത്.
ആദ്യ ഘട്ട ടാറിങ് കഴിഞ്ഞ് 5 വർഷം പിന്നിട്ടതോടെ പലയിടങ്ങളിലും റോഡ് പൊളിയാൻ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ട
ടാറിങ് ഉടനെ നടത്തിയില്ലെങ്കിൽ റോഡ് വീണ്ടും പഴയപടിയാകും. അതിനാൽ പണി പുനരാരംഭിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
എന്നാൽ റോഡ് പണിക്ക് കാത്തു നിൽക്കാതെ എടത്തറക്കടവ് പാലം അടക്കമുള്ള അപകട മേഖലകളിൽ താൽക്കാലിക സുരക്ഷാ സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

