സംസ്ഥാനത്ത് ഓണം വിപണിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ അയൽ സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞത് തിരിച്ചടിയാകുന്നു. തമിഴ്നാട്ടിലും കർണാടകയിലും മഴ ലഭ്യത കുറഞ്ഞതാണ് പച്ചക്കറി വിപണിയിലും പൂക്കൃഷിക്കും പ്രതിസന്ധിയ സൃഷ്ടിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വ്യാപകമായി എത്തുന്ന കാരറ്റ് ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് റെക്കോർഡ് വിലയാണ് നിലവിലുള്ളത്. വ്യാപാരികളുടെ കണക്കുപ്രകാരം 90 രൂപയാണ് ഒരു കിലോ കാരറ്റിന്റെ വില.
ഇതിനുപുറമേ ഇഞ്ചിക്ക് കിലോയ്ക്ക് 160 രൂപ മൊത്തവ്യാപാര വില ഈടാക്കുന്നുണ്ട്. വെളുത്തുള്ളി ഉൾപ്പെടെയുള്ള മറ്റ് പ്രധാന പച്ചക്കറികളുടെയും വില ഉയർന്നു തന്നെ നിൽക്കുകയാണ്.
ഓണക്കാലത്തും ഈ സ്ഥിതി തുടർന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് അത് വലിയ സാമ്പത്തിക ബാധ്യതയാകും. ഓണസദ്യയിലെ പ്രധാന വിഭവങ്ങളായ അവിയൽ, സാമ്പാർ തുടങ്ങിയവയ്ക്കായുള്ള പച്ചക്കറികൾക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
കർണാടകയിലെ മഴക്കുറവ് പൂക്കൃഷിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഗുണ്ടൽപേട്ടിലെ കർഷകർ വലിയ തിരിച്ചടിയാണ് നേരിടുന്നത്.
പതിവുപോലെ കൃഷിയിറക്കാൻ സാധിച്ചെങ്കിലും പ്രതീക്ഷിച്ചതിന്റെ പകുതി വിളവ് പോലും ഇത്തവണ ലഭിച്ചില്ല. കൃഷിയിടങ്ങളിലെ പകുതിയിലേറെ പൂക്കളും കരിഞ്ഞുപോയതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
ഓണക്കാലത്ത് ഗുണ്ടൽപേട്ടിൽ നിന്ന് കേരളത്തിലെ വിപണികളിലേക്ക് വ്യാപകമായി എത്തിച്ചിരുന്ന ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂക്കളുടെ ലഭ്യത കുറയാൻ ഇത് കാരണമായിട്ടുണ്ട്. വയനാട്ടിലും കർണാടകയിലും ഉണ്ടായ മഴക്കുറവാണ് പൂക്കൃഷിയുടെ വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചതെന്ന് കർഷകർ വ്യക്തമാക്കി.
കർണാടകയിലെ ബീച്ചനഹള്ളി ഡാമിൽ ഇത്തവണ ആവശ്യത്തിന് വെള്ളമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഗുണ്ടൽപേട്ടിലെ പൂക്കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് ഈ ജലസേചന പദ്ധതിയെയാണ്.
ഡാമിൽ ജലനിരപ്പ് ഉയരണമെങ്കിൽ വയനാട്ടിൽ നിന്നും ഒഴുകിയെത്തുന്ന കബനി പുഴയിൽ നിന്നുള്ള ജലം എത്തേണ്ടതുണ്ട്. എന്നാൽ ജില്ലയിൽ മഴ കുറഞ്ഞത് ഈ നീരൊഴുക്കിനെ തടസ്സപ്പെടുത്തി.
ഡാമിനെ മാത്രം ആശ്രയിച്ച് കൃഷി ഇറക്കിയ കർഷകരാണ് ഏറെ ദുരിതത്തിലായത്. സ്പ്രിങ്കളർ സംവിധാനം ഉപയോഗിച്ച് നനച്ച ചുരുക്കം ചില കൃഷിയിടങ്ങളിൽ മാത്രമാണ് മികച്ച വിളവ് ലഭിച്ചത്.
ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് പൂക്കളും അലങ്കാരങ്ങളും ഒരുക്കുന്ന മലയാളികളെ കാലാവസ്ഥയും ചതിച്ച അവസ്ഥയാണ് ഉള്ളത്. അതേസമയം, പച്ചക്കറികളുടെ വിലക്കയറ്റം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും അരി, ഉഴുന്ന്, പരിപ്പ് തുടങ്ങിയ പ്രധാന നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കില്ലെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.
സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിൽക്കുന്ന സാധനങ്ങൾക്ക് ഓണം വരെ നിലവിലെ വിലയിൽ മാറ്റമുണ്ടാകില്ല. മഞ്ഞ റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണവും, വെള്ള, നീല കാർഡുകാർക്കുള്ള പ്രത്യേക അരി വിതരണവും റേഷൻ കടകൾ വഴി കൃത്യമായി നടപ്പാക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

