സ്വന്തമായി എയർലൈൻ കമ്പനി ആരംഭിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയെങ്കിലും, ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നു.
എയർലൈൻ തുടങ്ങുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി എയർപോർട് ഹോൾഡിങ്സ് കഴിഞ്ഞ ജൂണിൽ എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) കത്തയച്ചതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നിലവിലുള്ള നിയമപ്രകാരം വിമാന സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് രാജ്യത്തെ വിമാനത്താവളങ്ങളുടെ 10 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശം വെക്കാൻ അനുവാദമില്ല.
മുംബൈ വിമാനത്താവളത്തിന്റെ ഭൂരിഭാഗം ഓഹരികളും നിലവിൽ കൈവശം വെച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്. ഈ ചട്ടത്തിലാണ് ഇളവ് തേടിയത്.
ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി സ്വന്തമായി എയർലൈൻ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് അദാനി എയർപോർട്സ് സിഇഒ അരുൺ ബൻസാൽ അയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമയാന വിപണി ചുരുക്കം ചില കമ്പനികളുടെ മാത്രം നിയന്ത്രണത്തിലാണെന്നും ഇത് ഗുരുതര പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ടിയർ 2, ടിയർ 3 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വിമാന സർവീസ് ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോയുടെ ഭാഗത്തുനിന്നുണ്ടായ സർവീസ് റദ്ദാക്കലുകളെക്കുറിച്ചാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ രാജ്യത്തെ വ്യോമയാന മേഖലയുടെ 90 ശതമാനവും ഇൻഡിഗോ, എയർഇന്ത്യ എന്നീ രണ്ട് കമ്പനികളുടെ മാത്രം നിയന്ത്രണത്തിലാണ്. ഈ കുത്തകാവസ്ഥ മാറ്റാൻ കേന്ദ്രസർക്കാരും താൽപ്പര്യപ്പെടുന്നുണ്ട്.
എന്നാൽ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്ന അദാനി ഗ്രൂപ്പ് തന്നെ വിമാനക്കമ്പനി രംഗത്തേക്ക് കടന്നുവരുന്നത് താത്പര്യവ്യത്യാസത്തിന് (കോൺഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ്) കാരണമാകുമെന്നാണ് എതിരാളികളുടെ വാദം. വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നവർ തന്നെ വിമാന സർവീസുകൾ നടത്തുമ്പോൾ അത് മറ്റ് കമ്പനികളുടെ വിപണി സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് ഇവർ ആരോപിക്കുന്നു.
വിമാനക്കമ്പനി തുടങ്ങുമെന്ന റിപ്പോർട്ടുകൾ അദാനി ഗ്രൂപ്പ് നേരത്തെ ഔദ്യോഗികമായി നിഷേധിച്ചിരുന്നു. പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതവും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതുമാണെന്ന് അദാനി എന്റർപ്രൈസസ് വക്താവ് വ്യക്തമാക്കി.
വ്യോമയാന മേഖലയിലേക്ക് പ്രവേശിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്നായിരുന്നു ഗ്രൂപ്പിന്റെ വിശദീകരണം. അദാനി ഗ്രൂപ്പ് വ്യോമയാന രംഗത്തേക്ക് പ്രവേശിക്കുന്നതിനെതിരെ ഇൻഡിഗോയും എയർ ഇന്ത്യയും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് എഎഐയ്ക്ക് അയച്ച കത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നത്.
നിരീക്ഷണ വിമാനം നിർമിക്കും ഇതിനിടയിൽ, ഇന്ത്യൻ വ്യോമസേനയ്ക്കായി അത്യാധുനിക നിരീക്ഷണ വിമാനങ്ങൾ നിർമിക്കുന്നതിനായി അദാനി ഡിഫൻസും ഡിആർഡിഒയും തമ്മിൽ സുപ്രധാന കരാർ ഒപ്പുവെച്ചിട്ടുണ്ട്. എയർബസിന്റെ 6 എ321 വിമാനങ്ങളിലാണ് അത്യാധുനിക റഡാർ സംവിധാനങ്ങളോട് കൂടിയ പറക്കും കമാൻഡ് സെന്റർ സജ്ജമാക്കുന്നത്.
ഈ വിമാനങ്ങളുടെ അടുത്ത 30 വർഷത്തെ അറ്റകുറ്റപ്പണികളും പരിപാലനവും അദാനി ഗ്രൂപ്പ് തന്നെയായിരിക്കും നിർവഹിക്കുക. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രതിരോധ കരാർ ഒരു സ്വകാര്യ കമ്പനിക്ക് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

