അമ്പലവയൽ: പശ്ചിമഘട്ടത്തിൽ അപൂർവമായി കണ്ടുവരുന്ന ഓർക്കിഡ് വിരിഞ്ഞതായി ഓർക്കിഡ് സംരക്ഷകനായ ഡോ. വി.യു.
സാബു അറിയിച്ചു. വയനാട്-നീലഗിരി അതിർത്തി വനമേഖലയിൽനിന്ന് കണ്ടെത്തിയ ‘ഡെൻഡ്രോചിലം ലോങിഫോലിയം’ (Dendrochilum longifolium) എന്ന ഓർക്കിഡാണ് സാബുവിന്റെ സംരക്ഷണത്തിൽ പൂത്തുവിരിഞ്ഞത്.
നാല് വർഷങ്ങൾക്ക് മുൻപ് വയനാട്–നീലഗിരി വനമേഖലയിൽ നിന്ന് ലഭിച്ച സസ്യം ഇപ്പോഴാണ് രണ്ടാമതും പൂക്കുന്നത്. “ഇന്ത്യയിൽ നിന്നും, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിൽ നിന്നും, ഈ സ്പീഷീസ് ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതയെന്നും അതുകൊണ്ടുതന്നെ ഈ ഓർക്കിഡ് ഗവേഷകർക്കടക്കം കൂടുതൽ പഠനത്തിനും സാധ്യമാക്കുമെന്നും” സാബു പറഞ്ഞു.
പോത്തുകെട്ടിയിലെ ഇയോണിയ ഓർക്കിഡ് റിസർച്ച് ഗാർഡൻ എന്ന സംരക്ഷണകേന്ദ്രത്തിലാണ് ഈ സസ്യം പരിപാലിക്കപ്പെടുന്നത്. നീണ്ട
ഇലകളും താഴേക്ക് തൂങ്ങുന്ന പൂക്കുലകളുമാണ് ഈ ഓർക്കിഡിന്റെ പ്രധാന സവിശേഷത. നിലവിൽ ഇരുനൂറ്റി അറുപതിലധികം അപൂർവവും വന്യവുമായ ഓർക്കിഡ് സ്പീഷീസുകൾ സംരക്ഷിച്ചു വരികയും അറുനൂറിലധികം വലിയ ഓർക്കിഡുകൾ പശ്ചിമഘട്ടത്തിന്റെ വിവിധ മേഖലകളിൽ സാബു നട്ടുപിടിപ്പിച്ചിട്ടുമുണ്ട്.
ഓർക്കിഡുകളെക്കുറിച്ച് അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം, നാൽപതിലധികം അന്താരാഷ്ട്ര ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണ്ടെത്തൽ ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി കൂടുതൽ പഠനങ്ങളും രേഖപ്പെടുത്തലുകളും പുരോഗമിക്കുകയാണ്.
ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതോടെ, പശ്ചിമഘട്ടത്തിൽ നിന്ന് രേഖപ്പെടുത്തപ്പെടുന്ന ശ്രദ്ധേയമായ ഓർക്കിഡ് ഇനങ്ങളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

