രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയത് ‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’ എന്ന പ്രയോഗത്തിലൂടെയായിരുന്നു.
സമാനമായ ആരോപണം തമിഴ്നാട്ടിലും ഭരണമാറ്റത്തിന് വഴിയൊരുക്കി. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്, മുൻ മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച ഭരണകൂടത്തിനെതിരെ ഉയർത്തിയത് 10 ലക്ഷം കോടിയുടെ കടബാധ്യത അടിച്ചേൽപ്പിച്ചു എന്നാരോപിച്ചായിരുന്നു.
കേരളത്തിന്റെയും തമിഴ്നാടിന്റെയും നിലവിലെ സാമ്പത്തിക സ്ഥിതിയും കണക്കുകളും പരിശോധിക്കേണ്ടതുണ്ട്. **അതിവേഗം വളരുന്ന തമിഴ്നാട്** ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്ന സംസ്ഥാനമെന്ന നേട്ടം നിലനിർത്തുന്ന തമിഴ്നാട്, 2025-26 സാമ്പത്തിക വർഷത്തിൽ 10.83% വളർച്ച രേഖപ്പെടുത്തി.
തുടർച്ചയായ രണ്ടാം വർഷമാണ് സംസ്ഥാനത്തിന്റെ സമ്പദ്വളർച്ച (ജിഎസ്ഡിപി) ഇരട്ടയക്കം കടക്കുന്നത്. 2024-25ൽ 11.2 ശതമാനമായിരുന്നു വളർച്ചനിരക്ക്.
അതേസമയം, 2024-25ൽ തമിഴ്നാടിന്റെ കടം 9.56 ലക്ഷം കോടി രൂപയാണ്. ഇത് ജിഎസ്ഡിപിയുടെ 30.6 ശതമാനമാണ്.
2021-22ൽ ഇത് 32.2 ശതമാനമായിരുന്നു. നടപ്പുവർഷത്തെ കണക്കുപ്രകാരം കടം 10.6 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.
2016-17ൽ 2.8 ലക്ഷം കോടിയായിരുന്ന കടം പത്തുവർഷത്തിനിടെ പലമടങ്ങ് വർധിച്ചു. മുഖ്യമന്ത്രി വിജയ്യുടെ ആരോപണത്തിന് എക്സിലൂടെ മറുപടി നൽകിയ സ്റ്റാലിൻ, കടബാധ്യത അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു.
‘‘ഖജനാവിൽ ആവശ്യത്തിന് പണമുണ്ട്. ആ പണം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഇച്ഛാശക്തിയും കഴിവുമാണ് ഈ സർക്കാർ കാട്ടേണ്ടത്’’ – സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട് ബജറ്റ് ചെലവിന്റെ 62 ശതമാനവും ശമ്പളം, പെൻഷൻ, വായ്പകളുടെ പലിശ എന്നിവയ്ക്കായി നീക്കിവെക്കേണ്ടി വരുന്നു. ഇതിനിടെ, 200 യൂണിറ്റ് വൈദ്യുതി സൗജന്യം, പെൻഷൻ വർധന, വർഷം 6 എൽപിജി സിലിണ്ടറുകൾ സൗജന്യം, വിവാഹാവസരങ്ങളിൽ സ്വർണവും സാരിയും തുടങ്ങിയ പ്രഖ്യാപനങ്ങൾ വിജയ്യുടെ സർക്കാരിനു മുന്നിൽ വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്.
**കേരളത്തിന്റെ സാമ്പത്തിക സ്ഥിതി** ഖജനാവിൽ പൂച്ചപെറ്റുകിടക്കുകയാണെന്ന ആരോപണത്തെ രണ്ടാം പിണറായി സർക്കാരിലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിഷേധിച്ചു.
6000 കോടി രൂപയുടെ മിച്ചം (കാഷ് ബാലൻസ്) കരുതിയാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലത്ത് കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 39 ശതമാനമായി ഉയർന്നുവെങ്കിലും, ഇപ്പോഴത് 33.44 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 1.57 ലക്ഷം കോടിയായിരുന്ന സംസ്ഥാനത്തിന്റെ കടം, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തോടെ 4.35 ലക്ഷം കോടി രൂപയിലെത്തി. 2025-26ലെ ബജറ്റ് പ്രകാരം ഇത് 4.88 ലക്ഷം കോടി രൂപയാണ്.
സർക്കാരുകൾ മാറുമ്പോൾ കടം ഇരട്ടിക്കുമെന്ന വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ ബാലഗോപാൽ, അങ്ങനെയായിരുന്നെങ്കിൽ നിലവിൽ കടം 5.93 ലക്ഷം കോടി കടക്കേണ്ടിയിരുന്നുവെന്നും വാദിച്ചു. കഴിഞ്ഞ സാമ്പത്തിക സർവേ പ്രകാരം കേരളത്തിന്റെ സമ്പദ്വളർച്ച 2023-24ലെ 6.73 ശതമാനത്തിൽ നിന്ന് 2024-25ൽ 6.19 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
പത്തു വർഷത്തിനുശേഷം അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫ് സർക്കാരിന് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. നിലവിൽ സംസ്ഥാനം ബജറ്റ് ചെലവിന്റെ 69 ശതമാനവും വിനിയോഗിക്കുന്നത് ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കാണ്.
ക്ഷേമ പെൻഷൻ 3000 രൂപയാക്കുക, കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വലിയ തോതിലുള്ള സാമ്പത്തിക ക്രമീകരണങ്ങൾ ആവശ്യമായി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

