ചെറുവത്തൂർ: ദേശീയപാതയിൽ മട്ടലായിയിൽ 100 മീറ്ററോളം വിള്ളൽ വീണ സംഭവത്തിൽ ആശങ്ക തുടരുന്നു. റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തിയിലും വിള്ളൽ പ്രത്യക്ഷപ്പെട്ടതായി നാട്ടുകാർ ആരോപിക്കുന്നു.
ഈ ഭാഗം ഷീറ്റ് ഉപയോഗിച്ച് മറച്ചതായും ആക്ഷേപമുണ്ട്. താഴ്ന്ന പ്രദേശമായ ഇവിടെ മതിയായ ശാസ്ത്രീയ പരിശോധനകൾ നടത്താതെ മണ്ണിട്ട് നികത്തി റോഡ് ഉയർത്തി നിർമിച്ചതാണ് വിള്ളലിന് കാരണമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
പഴയ ദേശീയപാത പാറപ്പുറത്തുകൂടി കടന്നുപോകുമ്പോൾ, ഇതിനോട് ചേർന്ന് നിർമിക്കുന്ന പുതിയ പാതയുടെ അടിഭാഗം ചതുപ്പുനിലമാണ്. ഇവിടെ വലിയ തോതിൽ മണ്ണിട്ട് നികത്തിയതാണ് ആദ്യ മഴയിൽ തന്നെ വിള്ളൽ രൂപപ്പെടാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, രണ്ട് തരം മണ്ണുകൾ ചേരുന്നതിന്റെ സാങ്കേതിക പ്രശ്നമാണ് വിള്ളലിന് കാരണമെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം. ഇവിടെ ടാറിങ് പ്രവൃത്തി പൂർണമായിട്ടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ, വിള്ളൽ വീണ ഭാഗം വീണ്ടും പൊളിച്ച് പഴയ രീതിയിൽ മണ്ണിട്ട് പാത നിർമിച്ചാൽ വരുംകാലവർഷത്തിൽ റോഡ് പൂർണമായും തകരുമെന്ന ആശങ്ക നാട്ടുകാർ പങ്കുവെക്കുന്നു. അതിനാൽ വിദഗ്ധ പഠനത്തിന് ശേഷം മാത്രം അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ് കാസർകോട്: മട്ടലായിയിൽ ദേശീയപാതയിലുണ്ടായ വിള്ളൽ സംബന്ധിച്ച് സ്ഥലപരിശോധന നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. കാഞ്ഞങ്ങാട് ആർഡിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുക.
റവന്യു ഡിവിഷനൽ ഓഫിസർ കൺവീനറായും, തഹസിൽദാർ, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, ആർടിഒ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ, ജിയോളജിസ്റ്റ്, ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് അന്വേഷണച്ചുമതല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

