ബത്തേരി ∙ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.
വയനാട് മുത്തങ്ങ കുമഴി കോളനിയിലെ 21 വയസ്സുകാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവതിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മാനന്തവാടി മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർ റഫർ ചെയ്യുന്നത്.
ഇതിനായി ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. തുടർന്ന് ആംബുലൻസ് പൈലറ്റ് എൻ.ആർ.കാർത്തിക്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നീനു ടോമി എന്നിവർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി യുവതിയുമായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് തിരിച്ചു.
ആംബുലൻസ് വള്ളിയൂർക്കാവ് ക്ഷേത്രത്തിന് സമീപം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നീനു ടോമി നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
ഉച്ചയ്ക്ക് 2.43ന് നീനുവിന്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി.
തുടർന്ന് നീനു അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി.
ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് കാർത്തിക് മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

