കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിൽ ഇന്നലെ നടന്ന സ്ഥിരംസമിതി തിരഞ്ഞെടുപ്പിൽ നിന്ന് എൽഡിഎഫ് അംഗങ്ങളായ എ.വി.ജയനും എം.എ.പ്രസാദും വിട്ടുനിന്നതിനു പിന്നാലെ പഞ്ചായത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ മിനിട്സിൽ ഒപ്പിട്ട 8 എൽഡിഎഫ് അംഗങ്ങൾ റിട്ടേണിങ് ഓഫിസർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു പാർട്ടി ഓഫിസിലേക്ക് മടങ്ങി.
എന്നാൽ 15 മിനിറ്റിനുള്ളിൽ തിരിച്ചെത്തിയ ഇവർ തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്ക് കയറി റിട്ടേണിങ് ഓഫിസർക്ക് മുൻപിൽ ബഹളം വയ്ക്കുകയും തിരഞ്ഞെടുപ്പ് നടത്താൻ സമ്മതിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.
റിട്ടേണിങ് ഓഫിസർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കില്ലെന്നും ഉച്ചകഴിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കുമെന്നും അറിയിച്ചു. ഇതുപ്രകാരം ഉച്ചകഴിഞ്ഞ് നടന്ന ആദ്യഘട്ട
തിരഞ്ഞെടുപ്പിൽ 3 സ്ഥിരംസമിതികളിലേക്കും യുഡിഎഫിലെ വനിതകൾ തിരഞ്ഞെടുക്കപ്പെട്ടു. 8 ന് എതിരെ 10 വോട്ടുകൾക്കാണ് യുഡിഎഫിലെ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ന് രണ്ടാം ഘട്ട
തിരഞ്ഞെടുപ്പും 9ന് സ്ഥിരം സമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പും നടക്കും. ഇതാണ് സാഹചര്യമെങ്കിൽ അധ്യക്ഷ സ്ഥാനങ്ങൾ യുഡിഎഫിന് തന്നെ ലഭിക്കും.
ഇന്നലെ എൽഡിഎഫിലെ എ.വി.ജയൻ അടക്കമുള്ള രണ്ടുപേർ വിട്ടു നിന്നതാണ് എൽഡിഎഫിന് തിരിച്ചടിയായത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നേട്ടമുണ്ടാക്കിയ പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വം ഒഴിവാക്കിയതിൽ നിലനിൽക്കുന്ന കടുത്ത അതൃപ്തിയും പാർട്ടി ജില്ലാ നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകവുമായാണ് എ.വി.ജയനും പ്രസാദും വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.
10 സീറ്റുകൾ വീതം എൽഡിഎഫ് യുഡിഎഫ് മുന്നണികളും 3 സീറ്റ് എൻഡിഎയും നേടിയ പൂതാടിയിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായതോടെ സിപിഎമ്മിലെ ഇ.വി.
ബാലകൃഷ്ണനാണു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എ.വി.ജയനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. എ.വി.ജയന്റെ നേതൃത്വത്തിലാണ് പാർട്ടി പൂതാടിയിൽ തിരഞ്ഞെടുപ്പ് നേരിട്ടത്.
ഏറ്റവും കൂടുതൽ അംഗങ്ങൾ ജയിച്ചതും ജയൻ നേതൃത്വം നൽകിയ ലോക്കലിൽ നിന്നാണ്.
എന്നാൽ പിന്നീട് ശത്രുക്കളോടുപോലും കാണിക്കാത്ത തരത്തിലുള്ള പ്രവണതയാണ് പാർട്ടിയുടെ ഭാഗത്തുനിന്ന് ജയന് എതിരെ നിരന്തരം ഉണ്ടാകുന്നതെന്നാണ് ജയനോടു അടുപ്പമുള്ള പാർട്ടി പ്രവർത്തകർ പറയുന്നത്. അടുത്ത ദിവസങ്ങളിൽ പാർട്ടിയിൽ നിന്നുള്ള തിക്താനുഭവങ്ങൾ തുറന്നു പറയുമെന്ന് ജയനും പറഞ്ഞു. 3 സീറ്റുള്ള എൻഡിഎ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു.
റിട്ടേണിങ് ഓഫിസർ പക്ഷപാതം കാണിക്കുന്നതായി ആരോപണം
പൂതാടി പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫിസർ പക്ഷപാതപരമായി പെരുമാറുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.ബാലകൃഷ്ണൻ.
വികസനം, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ഓരോ വനിതയെ തിരഞ്ഞെടുക്കണം. വനിതാ സംവരണത്തിലേക്കു മത്സരിക്കുന്നതിന് മുന്നോടിയായി പത്രിക സമർപ്പിക്കണം. വികസന സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് എൽഡിഎഫിലെ ഒരു വനിത മാത്രമാണ് രേഖാമൂലം നോമിനേഷൻ കൊടുത്തത്.
എന്നാൽ മറ്റു പാർട്ടികൾ വനിതാ സംവരണം കൃത്യമായി രേഖപ്പെടുത്താതെ സാധാരണ രീതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ഇത് നിലവിലുള്ള തിരഞ്ഞെടുപ്പുചട്ടത്തിന്റെ ലംഘനമാണ്.
ഇത് ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇപ്പോൾ എഴുതി തന്നാൽ മതിയെന്ന് റിട്ടേണിങ് ഓഫിസർ പറഞ്ഞത് ശരിയായ രീതിയല്ല.
ഇത് യുഡിഎഫിനെ സഹായിക്കാനാണ്. രാവിലെ 10.30ന് നോമിനേഷൻ കൊടുക്കണം.
എന്നാൽ ചട്ടം വായിക്കാതെ നിയമവിരുദ്ധമായും ധിക്കാരപരമായും റിട്ടേണിങ് ഓഫിസർ പെരുമാറിയതിൽ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. പൂതാടിയിലെ പാർട്ടിക്കുള്ളിൽ വിഭാഗീയത ഇല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.
ബാലകൃഷ്ണൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

