പട്ടിക്കാട് ∙ പീച്ചി വലതുകര കനാലിനോടു ചേർന്നു പട്ടിക്കാട്ടെ ചാണോത്ത് റോഡിലെ ഒന്നേമുക്കാൽ സെന്റിലെ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ദയനീയ അവസ്ഥയിൽ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയിൽ കഴിയുകയാണ് മുതിർന്ന കായിക താരം കളത്തിപ്പറമ്പിൽ സിസിലി. എഴുപതാം വയസ്സിൽ തൃശൂർ നഗരത്തിൽ കുറച്ചു പത്രം വിതരണം ചെയ്തുകിട്ടുന്ന ചെറിയ തുക കൊണ്ടാണു സിസിലിയുടെ ജീവിതം.
മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ മത്സരങ്ങളിലും മുതിർന്നവർക്കുള്ള സംസ്ഥാന–ദേശീയ മത്സരങ്ങളിലും പല തവണ പങ്കെടുത്തു സ്വർണമുൾപ്പെടെ ഒട്ടേറെ മെഡലുകൾ നേടിയ സിസിലിയുടെ പട്ടിക്കാട്ടെ വീട് വന്യജീവികളുടെ ആക്രമണങ്ങൾകൊണ്ട് തകർന്ന നിലയിലാണ്.
30 വർഷം മുൻപ് ഭർത്താവ് വിൻസന്റ് മരിച്ചു. മകനുമായി കഴിഞ്ഞ 16 വർഷമായി യാതൊരു ബന്ധവുമില്ല.
വിധവയും രോഗിയുമായ മകളുടെ അരിമ്പൂരിലെ വീട്ടിലാണു താൽക്കാലിക താമസം. മുളയം റോഡ് ജംക്ഷനിൽ 2020 ജൂലൈ 14നുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റതിനെ തുടർന്നാണ് ഒറ്റയ്ക്കു താമസിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായത്.
ബസ് കാത്തുനിൽക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീഴ്ത്തിയതിനെ തുടർന്നാണു കാലുകൾ ഒടിഞ്ഞു കിടപ്പിലായത്.
ആ കേസും എങ്ങുമെത്തിയിട്ടില്ല. ഇപ്പോൾ ഇടതു കൈകൾക്കും സ്വാധീനമില്ല.
വിവിധ മത്സരങ്ങൾക്കായി ചൈന, ജപ്പാൻ, പാക്കിസ്താൻ എന്നിവിടങ്ങളിൽ നടന്ന രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു മെഡലുകൾ നേടി. റസ്ലിങ്, വോക്കിങ്, സൈക്ലിങ് എന്നീ ഇനങ്ങളിലാണു മത്സരിച്ചത്.
ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചു രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടന്ന മത്സരങ്ങളിൽ വിജയിച്ചു.
അടുത്ത കാലത്തായാണു ഒന്നേമുക്കാൽ സെന്റിനു പട്ടയം ലഭിച്ചത്. 35 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി സംഘടിപ്പിക്കുന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യൻഷിപ്പിൽ 12 വർഷങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കിയ കായികതാരമാണു സിസിലി.
ഓലപ്പുരയായിരുന്ന വീടിന്റെ മേൽക്കൂരയിൽ പള്ളിയുടെ സഹായത്തോടെയാണ് ഏതാനും വർഷം മുൻപ് ഓട് മേഞ്ഞത്. സർക്കാർ നൽകുന്ന പെൻഷൻ സാങ്കേതികത്വം പറഞ്ഞു മുഴുവനും ലഭിക്കുന്നില്ല.
വീടിന്റെ 60ശതമാനവും തകർന്നു താമസിക്കാനാവാത്ത സ്ഥിതിയാണ്. സ്വന്തം വീട്ടിൽ താമസിക്കുന്നതിനു സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സിസിലി.
9349173225. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

