തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറായും സിഇഒയായും മഹേഷ് മുരളീധർ പൈ ചുമതലയേൽക്കും. ഒക്ടോബർ 1 മുതൽ അദ്ദേഹം ഔദ്യോഗികമായി പദവിയിൽ പ്രവേശിക്കുമെന്ന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഔദ്യോഗിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.
മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. ജൂലൈ 16-ന് ചേരുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിന് ശേഷം ഓഹരി ഉടമകളുടെ കൂടി അനുമതി ലഭിച്ചാലുടൻ നിയമന നടപടികൾ പൂർത്തിയാകും.
നിലവിൽ കനറാ ബാങ്കിൽ ചീഫ് ജനറൽ മാനേജരായി സേവനമനുഷ്ഠിക്കുന്ന 50 വയസ്സുകാരനായ മഹേഷ് പൈക്ക് ബാങ്കിങ് മേഖലയിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമാണുള്ളത്. ഡിജിറ്റൽ ബാങ്കിങ്, ഇന്നൊവേഷൻ വിഭാഗങ്ങളുടെ മേധാവിയെന്ന നിലയിൽ കനറാ ബാങ്കിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നു.
കനറാ ബാങ്കിൽ ഗോൾഡ് ലോൺ വിഭാഗം ആരംഭിക്കുന്നതിലും, രാജ്യത്തെ ഏറ്റവും വലിയ റീജനൽ മേഖലയുടെ മേധാവിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദേശ ബാങ്കിങ് രംഗത്തും ശ്രദ്ധേയമായ അനുഭവസമ്പത്തുള്ള മഹേഷ് പൈ, ന്യൂയോർക്കിലെ കനറാ ബാങ്ക് പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും കനറാ ബാങ്ക് ടാൻസനിയ ലിമിറ്റഡിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഫിക്സഡ് ഇൻകം മണി മാർക്കറ്റ് ആൻഡ് ഡെറിവേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്ഐഎംഎംഡിഎ), സ്വിഫ്റ്റ് ഇന്ത്യ ഡൊമസ്റ്റിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, സെക്കൻഡറി ലോൺ മാർക്കറ്റ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ കനറാ ബാങ്കിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കർണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ, കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയുടെ നിലവിലെ ഡയറക്ടർ കൂടിയാണ് അദ്ദേഹം.
നിലവിലെ എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി 2026 സെപ്റ്റംബർ 30-ഓടെ പദവിയിൽ നിന്ന് വിരമിക്കും.
താൻ പുനർനിയമനം തേടാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, എൻഎസ്ഇയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരി വില 8.54% ഇടിഞ്ഞ് 43.59 രൂപയിലാണ് വ്യാപാരം തുടരുന്നത്.
(നിരാകരണം: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വന്തമായി പഠനങ്ങൾ നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

