കർണാടകയിലെ ഷിമോഗ ജില്ലയിൽ പിജി ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. മാനസിക പീഡനത്തെത്തുടർന്ന് പെൺകുട്ടി ജീവനൊടുക്കിയതാണെന്നും, മൃതദേഹം പ്രതികൾ മാലിന്യക്കുഴിയിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
സംഭവത്തിൽ ഒരു വർഷത്തിനുശേഷം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശിക്കാരിപ്പുര മേഖലയിലെ പിജി ഹോസ്റ്റലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ പെൺകുട്ടി ജോലി തേടിയാണ് ഇവിടെ എത്തിയത്. ഒരു വർഷം മുമ്പ് പെൺകുട്ടിയെ കാണാതായെങ്കിലും, കഴിഞ്ഞ ആഴ്ച മാത്രമാണ് ഇതുസംബന്ധിച്ച പരാതി പൊലീസിൽ ലഭിച്ചത്.
തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. പിജി നടത്തിപ്പുകാരി സൗഭാഗ്യ, ഭർത്താവ് ഗംഗാ നായിക്, സുഹൃത്ത് രഞ്ജിത, സഹായി പീര നായിക് എന്നിവരാണ് അറസ്റ്റിലായവർ.
തങ്ങളെക്കുറിച്ച് അപവാദം പറയുന്നു എന്ന് ആരോപിച്ച് സൗഭാഗ്യയും സംഘവും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് പെൺകുട്ടി സ്വന്തം മുറിയിൽ വെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം അറിഞ്ഞ ഉടൻ പൊലീസിനെ വിവരമറിയിക്കുന്നതിന് പകരം, മൃതദേഹം സ്യൂട്ട്കേസിലാക്കി ആളൊഴിഞ്ഞ മാലിന്യക്കുഴിയിൽ തള്ളുകയായിരുന്നു പ്രതികൾ ചെയ്തത്. മാതാവില്ലാത്ത പെൺകുട്ടിയെ അന്വേഷിച്ച് ആരും എത്താത്തതിനാൽ തിരോധാനം പുറംലോകം അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ ആഴ്ച ബന്ധു നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പ്രതികളിലൊരാളായ രഞ്ജിതയുടെ ഫോണിലേക്ക് പെൺകുട്ടി അവസാനമായി വിളിച്ചതായി സൈബർ പരിശോധനയിൽ തെളിഞ്ഞു.
ഇതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പ്രതികളെ നാലുപേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
മാലിന്യക്കുഴിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ വിദഗ്ധ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

