തൃശൂർ ∙ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകൻ അരുണിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കെ.വി.പ്രവീണിനെ പെരിങ്ങോട്ടുകര ക്ഷേത്രപരിസരത്തുള്ള പ്രവീണിന്റെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. കർണാടക ബാനസവാടി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തെളിവെടുപ്പിന് എത്തിയത്.
എഎസ്പി, എസ്ഐ എന്നിവരുൾപ്പെടെ ഒൻപതംഗ സംഘമാണു മൂന്നു കാറുകളിലായി സ്ഥലത്തെത്തിയത്.
അന്തിക്കാട് പൊലീസും സ്ഥലത്തുണ്ടായിരുന്നു. രാത്രി ഏഴു മണിയോടെ വീട്ടിലെ പരിശോധന അവസാനിപ്പിച്ചു.
ഇവിടെ നിന്നു ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. തുടർന്നു രാത്രി തന്നെ തൃശൂർ നഗരത്തിലെ ഒരു ഹോട്ടലിലും പരിശോധന നടത്തി.
ഇന്ന് ബോൾഗാട്ടിയിലെ നക്ഷത്ര ഹോട്ടലിൽ പൊലീസ് പ്രതിയുമായി തെളിവെടുപ്പു നടത്തും.
ഈ സ്ഥലങ്ങളിൽ വച്ചു പ്രതികൾ ഗൂഢാലോചന നടത്തിയാണ് അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതെന്നാണു പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ 18നാണു പ്രവീണിനെ ഹരിപ്പാട്ടു നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കമാണു ഹണിട്രാപ് ഗൂഢാലോചനയിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
ഈ കേസിൽ ബെംഗളൂരു സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന (38) ഉൾപ്പെടെയുള്ള കൂട്ടാളികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

