അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈ നഗരത്തിൽ വിപുലമായ പരിപാടികൾക്ക് തുടക്കമായി. അമേരിക്കൻ കോൺസുലേറ്റ് ജനറൽ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് നഗരത്തിലുടനീളം ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
‘ഫ്രീഡം 250’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പരിപാടികൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തെയും ചരിത്രപരമായ ബന്ധത്തെയും ഉയർത്തിക്കാട്ടുന്നതിനാണ് ലക്ഷ്യമിടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ ശ്രദ്ധേയമായ രണ്ട് പ്രധാന ഇടങ്ങൾ അമേരിക്കൻ പതാകയുടെ വർണ്ണങ്ങളിൽ ദീപാലംകൃതമാക്കി.
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ആസ്ഥാനമായ ചരിത്രപ്രസിദ്ധമായ റിപ്പൺ ബിൽഡിംഗ്, പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വി.ഐ.ടി ചെന്നൈ എന്നിവയാണ് പ്രത്യേക ലൈറ്റിംഗിലൂടെ അമേരിക്കൻ പതാകയുടെ നിറങ്ങളാൽ പ്രഭചൊരിഞ്ഞത്. കോൺസുലേറ്റ് ജനറൽ കെട്ടിടവും ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള ദീപങ്ങളും അമേരിക്കൻ പതാകകളും ഉപയോഗിച്ച് ആകർഷകമായി അലങ്കരിച്ചിട്ടുണ്ട്.
പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നഗരത്തിലെ രണ്ടായിരത്തോളം ഓട്ടോറിക്ഷകളിൽ പ്രത്യേക ദൃശ്യങ്ങൾ പതിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഓട്ടോറിക്ഷകൾ ചെന്നൈ നിരത്തുകളിൽ ഓടുന്നത് ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നു.
യു.എസ്-ഇന്ത്യ ബന്ധത്തിന്റെ ദൃഢത ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയെന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

