ഇരിങ്ങാലക്കുട ∙ ‘‘ രാവിലെ തുടങ്ങേണ്ട
പല മത്സരങ്ങളും തുടങ്ങിയത് ഉച്ചയ്ക്കു ശേഷവും വൈകിട്ടും. മത്സരത്തിനായി രാവിലെ തന്നെ മേക്കപ്പിട്ട് വേദികളിലെത്തിയ കുട്ടികൾ കുറഞ്ഞത് നാലു മണിക്കൂറിലേറെ കാത്തിരുന്നു.
ഒരു മത്സരവും ഒരു വേദിയിലും കൃത്യസമയത്തു തുടങ്ങിയില്ല. ഇതിനിടയിൽ വിധികർത്താക്കൾക്ക് ഭക്ഷണത്തിനായി പാച്ചിൽ തുടങ്ങിയ പലവിധ ജഗപൊക!
ഏതു കാലത്താണ് സർ കലോത്സവം കൃത്യസമയത്ത് തുടങ്ങി സമയത്ത് അവസാനിക്കുക?’’ജില്ലാ സ്കൂൾ കലോത്സവത്തിനു യോഗ്യത നേടിയ കുട്ടികളുമായി വേദികളിലെത്തി വലഞ്ഞ രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാക്കുകളാണിത്.
സ്കൂൾ കലോത്സവങ്ങളിൽ മത്സരങ്ങൾ വൈകുന്നതു പതിവാണ്. എന്നാൽ കലോത്സവത്തിന്റെ ആദ്യ ദിനം തന്നെ മത്സരങ്ങൾ ഇത്ര വൈകിയത് അടിമുടി വലച്ചെന്നു മത്സരാർഥികളും ഒപ്പമെത്തിയവരും ഒരുപോലെ പറയുന്നു.പല വേദികളിലും രാവിലെ 9ന് ആരംഭിക്കേണ്ട
മത്സരങ്ങൾ തുടങ്ങിയത് 2 മണിക്കൂർ വൈകി 11നു ശേഷമാണ്. ഇതോടെ കലോത്സവ ഷെഡ്യൂളിലെ തുടർന്നുള്ള മത്സരങ്ങളും അവതാളത്തിലായി.
ഉച്ചയ്ക്കു 2ന് ആരംഭിക്കേണ്ട ഇനങ്ങളും മണിക്കൂറുകൾ വൈകിയാണ് തുടങ്ങിയത്.
ഇതിനനുസരിച്ച് മത്സര ഫലങ്ങളും വൈകി. മത്സരങ്ങൾ വൈകിയതോടെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്ന മത്സരാർഥികളും ഒപ്പമെത്തിയവരും ക്ഷീണിതരായി.
കൃത്യ സമയത്തോ അതിനടുത്തെങ്കിലുമോ മത്സരങ്ങൾ നടത്താൻ കഴിയാതിരുന്നത് സംഘാടനത്തിലെ വീഴ്ചയായി പലരും പരാതി ഉയർത്തി.
മത്സരങ്ങൾക്കു ചേരുന്ന വേദികൾ തിരഞ്ഞെടുക്കുന്നതിലും സംഘാടക സമിതിക്കു പാളിച്ച സംഭവിച്ചതായി മത്സരാർഥികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡോൺ ബോസ്കോ സ്കൂളിലെ ഗ്രൗണ്ടിലായിരുന്നു ഹയർ സെക്കൻഡറി വിഭാഗം നാടകത്തിന്റെ വേദി.
എന്നാൽ വേദിയിലേക്ക് രംഗസജ്ജീകരണത്തിനുള്ള സാധന–സാമഗ്രികൾ എത്തിക്കുന്നതിൽ പ്രയാസപ്പെട്ടെന്ന് പലരും ചൂണ്ടിക്കാട്ടി. സമാന രീതിയിൽ ടീം ഇനമായ കൂടിയാട്ട
വേദിയിലും സ്ഥലപരിമിതി പലർക്കും തടസ്സമായി. ക്ലസ്റ്റർ അനുസരിച്ചാണ് മത്സര നടത്തിപ്പെന്ന് സംഘാടകർ അറിയിച്ചിരുന്നതെങ്കിലും ഇതും പല വേദിയിലും പാലിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്.
ഭക്ഷണമില്ല മത്സരം നിർത്തിവച്ചു
എല്ലാ വിഭാഗം കുട്ടികളുടെയും ഹിന്ദി പദ്യംചൊല്ലലിന്റെ വേദി ഇരിങ്ങാലക്കുട
ജിഎൽപി സ്കൂളിലായിരുന്നു (വേദി 9). എന്നാൽ വിധികർത്താക്കൾക്ക് ഉച്ചഭക്ഷണം നൽകാൻ കഴിയാതെ വന്നതോടെ ഇടയ്ക്കു 2 മണിക്കൂറോളം ഈ വേദിയിൽ മത്സരം നിർത്തിവയ്ക്കേണ്ടി വന്നു.
ഷെഡ്യൂൾ പ്രകാരം രാവിലെ 9 ന് ആരംഭിക്കേണ്ട യുപി വിഭാഗം പദ്യം ചൊല്ലൽ തുടങ്ങിയതു തന്നെ 11നാണ്.
പിന്നീട് ഹൈസ്കൂൾ വിഭാഗത്തിന്റെ മത്സരം കൂടി കഴിഞ്ഞാണു യുപിയുടെ ഫലം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ഒന്നിനു മുൻപ് ഹൈസ്കൂളിന്റെ മത്സരം കഴിഞ്ഞു.
എന്നാൽ ഹയർ സെക്കൻഡറിയുടെ മത്സരം ആരംഭിച്ചത് 2.50നും. ഷെഡ്യൂൾ പ്രകാരം ഇതു രാവിലെ 11ന് തുടങ്ങേണ്ടതായിരുന്നു.
വിധികർത്താക്കൾക്ക് ഭക്ഷണം നൽകാൻ കഴിയാത്തതായിരുന്നു പ്രശ്നം.
വിധികർത്താക്കൾക്ക് മത്സര വേദിയിൽ തന്നെ ഭക്ഷണം ഏർപ്പാടാക്കുകയാണ് സാധാരണ. എന്നാൽ ഇതു പാലിക്കാൻ സംഘാടകർക്കായില്ല.
ഈ അനാസ്ഥയ്ക്കു പിന്നാലെ വിധികർത്താക്കളായി എത്തിയവർക്കു വേദിക്കു പുറത്തു ഭക്ഷണം തേടി പോകേണ്ടിയും വന്നു. ഇതിനിടെ മത്സരാർഥികളും ഒപ്പമെത്തിയവരും ബഹളമുണ്ടാക്കിയെങ്കിലും പരിഹാരമുണ്ടായില്ല.
പിന്നീട് വിധികർത്താക്കൾ മടങ്ങിയെത്തിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. വൈകിട്ട് 3.40 നാണ് ഹിന്ദി പദ്യംചൊല്ലൽ സമാപിച്ചത്.
എല്ലാ വിഭാഗക്കാരുടെയും കുച്ചിപ്പുഡി മത്സരം അരങ്ങേറിയ ഡോൺ ബോസ്കോ സ്കൂളിലെ ഇൻഡോർ സ്റ്റേഡിയം വേദിയിലും സമാന പ്രശ്നമുണ്ടായി.
വലപ്പാട് ഉപജില്ല മുന്നിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ഇരിങ്ങാലക്കുട ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം മത്സരങ്ങൾ വൈകിയെങ്കിലും സ്വർണക്കപ്പിന് വേണ്ടി ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.
ഇന്നലെ രാത്രി 9 വരെയുള്ള പോയിന്റ് നില പ്രകാരം 196 പോയിന്റുമായി വലപ്പാട് ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 194 പോയിന്റ് നേടിയ തൃശൂർ വെസ്റ്റാണ് രണ്ടാമത്. തൊട്ടുപിന്നിൽ 193 പോയിന്റു വീതം നേടി തൃശൂർ ഈസ്റ്റും കുന്നംകുളം ഉപജില്ലയിലും മൂന്നാം സ്ഥാനത്തുണ്ട്.
ആദ്യം മുന്നിട്ടു നിന്ന ആതിഥേയരായ ഇരിങ്ങാലക്കുട 186 പോയിന്റോടെ ഏഴാമതാണ്.
സ്കൂളുകളിൽ 63 പോയിന്റ് വീതം നേടിയ മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസും തൃശൂർ സേക്രഡ് ഹാർട്ട് എച്ച്എസ്എസുമാണ് ഒന്നാമത്. 60 പോയിന്റുമായി ചാലക്കുടി കാർമൽ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്.
അശ്രാന്ത പരിശ്രമം; സുനിശ്ചിത വിജയം
ഇരിങ്ങാലക്കുട
∙ ഹൈസ്കൂൾ വിഭാഗം കൂടിയാട്ടത്തിന്റെ ഫലം വന്നതോടെ ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസിലെ വിദ്യാർഥികൾ കെട്ടിപ്പിടിച്ച് കരഞ്ഞു. അവർക്കിത് പ്രതിസന്ധികളെ തോൽപിച്ചു നേടിയ വിജയമായിരുന്നു.
പരിശീലനം തുടങ്ങിയ നാൾ മുതൽ ആശങ്കയായിരുന്നു. മുണ്ടിനീര് വന്നു വിശ്രമത്തിലായിരുന്നു ജഡായുവിനെ അവതരിപ്പിക്കേണ്ട അനാമിക. അപ്പൻഡിക്സ് ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ശ്രേയയായിരുന്നു സീതയെ അവതരിപ്പിക്കേണ്ടത്.
അതിനാൽ ശ്രേയ താളം കൊട്ടാൻ ഇരുന്നു. താളം കൊട്ടുന്ന ഹെദർ സീതയായി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായവർ ഇക്കുറി ഒന്നാമതായപ്പോൾ ഇരട്ടി മധുരമായി.
അനുഷ, അനാമിക, ഹെദർ, ശ്രേയ, പൂർണ ശ്രീ, നിയതി, ശ്രദ്ധ എന്നിവരാണ് ടീം അംഗങ്ങൾ.
എറൈനയ്ക്ക് വെറൈറ്റി ഇഷ്ടം
ഇരിങ്ങാലക്കുട ∙ ക്ഷേത്ര കലകളോടു ചെറുപ്പം മുതലേ ഇഷ്ടമുള്ള എറൈന ഫാത്തിമ ഇക്കുറി നങ്ങ്യാർക്കൂത്തിനും ഓട്ടൻതുള്ളലിലും മത്സരിക്കാനെത്തി.
പാടൂർ അലീമുൽ ഇസ്ലാം എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ എറൈന, യുപി വിഭാഗം ഓട്ടൻതുള്ളലിൽ മുൻപ് രണ്ടു തവണ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഉമ്മ ബിംബിലിൽ നിന്നാണു നൃത്തം അഭ്യസിക്കുന്നത്.
കലാമണ്ഡലം സജിതയാണ് നങ്ങ്യാർക്കൂത്തിൽ ഗുരു. കലാമണ്ഡലം ഉണ്ണിമായയിൽ നിന്നാണ് ഓട്ടൻതുള്ളലിൽ പരിശീലനം നേടുന്നത്.
മലപുലയ ആട്ടത്തിലും എറൈന മത്സരിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

