‘കാടും മലകളും കൂടിപ്പിണയുന്ന നാടാണു നമ്മണ്ടെ പാലക്കാട്’, ഇത്രയും വരികൾ കൊണ്ട് പാലക്കാടിനെ വിശേഷിപ്പിക്കാമെങ്കിൽ പാലക്കാടിനു മാത്രമായി എത്രയെത്ര വാക്കുകളുണ്ടാകും.കലയുടെയും സാഹിത്യത്തിന്റെയും ഉത്സവമായ മലയാള മനോരമ ഹോർത്തൂസ് ഒരുക്കുന്ന അക്ഷരപ്പൂന്തോട്ടത്തിൽ പാലക്കാട്ടെ നാട്ടുശൈലികളും തനതു വാക്കുകളും ഇടം പിടിക്കും. നാടിന്റെ തനതു പദങ്ങൾ തേടിയുള്ള ഹോർത്തൂസ് ‘പദയാത്ര’യെ അഹല്യ ക്യാംപസിലെയും പാലക്കാട് മേഴ്സി കോളജിലെയും മുണ്ടൂർ എഴക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെയും വിദ്യാർഥികൾ ആവേശത്തോടെ നെഞ്ചിലേറ്റി.
കലാപരിപാടികൾ അവതരിപ്പിച്ചും സൗഹൃദപുസ്തകങ്ങൾ കൈമാറിയും വാതോരാതെ സംസാരിച്ചും പദയാത്രയിൽ കുട്ടികൾ പങ്കാളികളായി. സിനിമാ പിന്നണി ഗായകനും നാടൻപാട്ടു കലാകാരനുമായ പ്രണവം ശശി, ബാലതാരം വസിഷ്ഠ് എന്നിവർ അതിഥികളായെത്തി. ഹോർത്തൂസിന്റെ നാട്ടുവാക്കുകൾ തേടിയുള്ള യാത്ര കൊച്ചിയിലാണ് തുടങ്ങിയത്.
കേരളം മുഴുവൻ സഞ്ചരിച്ചു ശേഖരിക്കുന്ന പദങ്ങൾ കോർത്തിണക്കി കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ എത്തിക്കും
ആഹാ ആവേശം, നമ്മണ്ടെ,അഹല്യ
ഉദ്ഘാടകനായി പ്രണവം ശശി വന്നപ്പോൾ തന്നെ ആവേശമായി. ആവേശം സിനിമയിൽ അദ്ദേഹം തന്നെ പാടിയ ‘ഒരു സൽപുത്രൻ പിറന്നെടാ പണ്ടേ…’ എന്ന പാട്ടുപാടിയപ്പോൾ അഹല്യ ക്യാംപസിൽ അത്യാഹ്ലാദമായി.
പാലക്കാടിന്റെ മധുരം കിനിയുന്ന ഒട്ടേറെ നാടൻവാക്കുകളും നാടൻപാട്ടുകളെല്ലാം അവതരിപ്പിച്ച് ശശി കുട്ടികളെ കയ്യിലെടുത്തു.
എക്കിടി, സുക്കിടി, എരട്ട, പാസി തുടങ്ങി നാടൻ വാക്കുകളുടെ പെരുമഴ. അഹല്യ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.പി.ആർ.സുരേഷ് ‘നമ്മണ്ടെ’ എന്ന നാട്ടുവാക്ക് എഴുതി കൈമാറി. മലയാള മനോരമ മാർക്കറ്റിങ് ജനറൽ മാനേജർ സുരേഷ് ചെറിയാൻ ജോൺ വാക്കുപുസ്തകം ഏറ്റുവാങ്ങി.
ഞാൻ–നീ–നാം എന്ന സന്ദേശവുമായി നടത്തുന്ന ഹോർത്തൂസിനു ചേർന്ന പേരായി നമ്മുടെ എന്ന അർഥം വരുന്ന ‘നമ്മണ്ടെ.’
പാപ്പാത്തികളായ് പറന്നു പറന്ന് മേഴ്സി
ചിത്രശലഭം പോലെ പാറിനടക്കുന്ന മേഴ്സി കോളജിലെ വിദ്യാർഥിനികൾ. അവരുടെ വാക്ക്, അതേ അർഥം വരുന്ന ‘പാപ്പാത്തി’ എന്നതല്ലാതെ മറ്റെന്ത്.
പദയാത്ര എത്തിയ നട്ടുച്ചയ്ക്ക് ക്യാംപസ് മുഴുവൻ നടുമുറ്റത്തു കാത്തുനിന്നു. പ്രണവം ശശിയുടെ പാട്ടിനൊപ്പം താളമായി.
പിന്നെ ആട്ടവും പാട്ടവുമായി. ഹിന്ദി അധ്യാപിക ഡോ.അപർണ വേണുവിന്റെ കവിതാലാപനം കേട്ടതോടെ ക്യാംപസ് മറ്റൊരു വൈബിലായി.
എന്നാൽപിന്നെ ഒരു ഒപ്പനപ്പാട്ട് ആയാലോ എന്നു പ്രണവം ശശി ചോദിച്ചപ്പോൾ ഒപ്പന കളിക്കാൻ തയാറായി തരുണികളെത്തി.
അപ്പോഴാരാ മണവാട്ടി. അപർണ ടീച്ചറല്ലാതെ മറ്റാര്.
ടീച്ചറും കുട്ടികളും ചേർന്ന് ഒപ്പന തകൃതിയാക്കി. തനത് പാലക്കാടൻ കലയായ ‘ആണ്ടിവിളയാട്ട്’ പ്രകടനം വിസ്മയമായിരുന്നു.
തനതു കലയായ മുടിയാട്ടവും വിദ്യാർഥിനികൾ മനോഹരമാക്കി. അക്ഷരശ്ലോകവും പാട്ടുമൊക്കെയായി ഉച്ചതിരിയും വരെ കുട്ടികൾ മേളമൊരുക്കി.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം.ലൗലി ക്യാംപസിന്റെ വാക്കായി ‘പാപ്പാത്തി’ എഴുതി കൈമാറി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ജിജീഷ് കൂട്ടാലിട
വാക്കുപുസ്തകം ഏറ്റുവാങ്ങി.
യുവതയുടെ ‘ചെത്തം’ യുവക്ഷേത്രയിൽ
പാട്ടിന്റെ പാലാഴിയുമായാണ് മുണ്ടൂർ എഴക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പദയാത്രയെ വരവേറ്റത്. പിന്നണി ഗായിക കൂടിയായ വിദ്യാർഥിനി മാതംഗി അജിത്കുമാർ മനോഹരമായ പാട്ടുപാടി സദസ്സിനെ കയ്യിലെടുത്തു.
ഉദ്ഘാടകനായ ബാലതാരം വസിഷ്ഠ് കവിത ചൊല്ലി സദസ്സിന്റെ മനം കവർന്നു. വെറുതേ വായ്മൂടിക്കെട്ടി നടക്കേണ്ട
ഇടമൊന്നുമല്ല ക്യാംപസ്.
അൽപം ‘ചെത്ത’മൊക്കെ വേണം. അങ്ങനെ ശബ്ദം എന്ന് അർഥമുള്ള ‘ചെത്തം’ എന്നത് യുവക്ഷേത്രയുടെ വാക്കായി പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി എഴുതി പദയാത്രയ്ക്കു കൈമാറി.
മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രമേഷ് എഴുത്തച്ഛൻ വാക്കുപുസ്തകം ഏറ്റുവാങ്ങി. കുട്ടികൾക്കൊപ്പം പാട്ടുപാടിയും കൂട്ടുകൂടിയും പ്രിൻസിപ്പൽ ടോമി ആന്റണി ഉത്സാഹത്തിനു നേതൃത്വം നൽകി.
കോളജ് ഡയറക്ടർ ഡോ.മാത്യു ജോർജ് വാഴയിൽ, അധ്യാപിക ഡോ.എൻ.കെ.ദിവ്യ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

