രൂക്ഷമായ പ്രകൃതിവാതകക്ഷാമത്തെ തുടർന്ന് സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിൽ വൈദ്യുതി ഉൽപാദനം വൻതോതിൽ ഇടിഞ്ഞു. ഈ സാഹചര്യത്തിൽ കടകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ രാത്രി 8 മണിക്ക് മുൻപായി അടയ്ക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകി.
നിലവിലെ പ്രതിസന്ധി മറികടക്കാൻ അയൽരാജ്യമായ ഇന്ത്യയോട് രാജ്യം അടിയന്തര സഹായം തേടിയിട്ടുണ്ട്. പുതിയ സർക്കാർ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.
വാണിജ്യ സ്ഥാപനങ്ങൾക്ക് രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ മാത്രമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. എന്നാൽ ആശുപത്രികൾ, ഫാർമസികൾ, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കടുത്ത ഇന്ധന-വാതക ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ ഡീസൽ എത്തിക്കാനുള്ള തീവ്ര ശ്രമങ്ങളും ബംഗ്ലാദേശ് ആരംഭിച്ചിട്ടുണ്ട്. ഊർജ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് ത്രിവേദി, ബംഗ്ലാദേശ് ഊർജ മന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദുമായി മൂന്ന് ദിവസം മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ-ബംഗ്ലാദേശ് സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി ഇന്ത്യൻ ഹൈക്കമ്മിഷൻ എക്സിൽ കുറിച്ചു. നിലവിലെ ഡീസൽ ക്ഷാമം വാതക അധിഷ്ഠിത വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതായും ഇത് രാജ്യത്തുടനീളം ലോഡ്ഷെഡ്ഡിങ്ങിന് കാരണമായതായും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

