ഒല്ലൂർ∙ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു അവസാനമായി ഒല്ലൂർ ജംക്ഷൻ വികസനം യാഥാർഥ്യമാകുന്നു. വികസനവുമായി ബന്ധപ്പെട്ട
നടപടി ക്രമങ്ങൾ പകുതിയോളം പൂർത്തിയായി. ഭൂമിയും കെട്ടിടവും വ്യാപാരവും നഷ്ടമാകുന്നവർക്കുള്ള പാക്കേജ് ഒന്നര മാസത്തിനകം ലഭ്യമാകുമെന്ന് കെആർഎഫ്ബി, റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. ഒല്ലൂർ സെന്ററിലെ ഭൂമിക്ക് സർക്കാർ നിശ്ചയിക്കുന്ന നഷ്ടപരിഹാര തുക ഒക്ടോബർ പകുതിയോടെ ജില്ലാ ഭരണകൂടം തീരുമാനിക്കും.
ഒക്ടോബർ അവസാനത്തോടെ നഷ്ടപരിഹാരം നൽകുന്നവരുടെ വിവരവും തുകയും ലഭ്യമാകും. തുടർന്ന് നോട്ടിസ് നൽകി പണം കൈമാറുന്ന നടപടികൾ ആരംഭിക്കും.
നേരത്തെ സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ വിദഗ്ധ സമിതി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
പഠന ഏജൻസിയായ രാജഗിരി ഔട്ട്റീച്ച് സൊസൈറ്റി തയാറാക്കിയ റിപ്പോർട്ടിനെ തുടർന്ന് കലക്ടർ നിയോഗിച്ച നിരീക്ഷണ കമ്മിറ്റിയും ജംക്ഷൻ വികസനവുമായി മുന്നോട്ട് പോകാമെന്നാണു വിലയിരുത്തിയത്. പൊളിച്ചുനീക്കേണ്ട
കെട്ടിടങ്ങളുടെ മൂല്യനിർണയം റവന്യു വകുപ്പ് നടത്തി വരികയാണ്. ഏറ്റെടുക്കേണ്ട
ഭൂമിയുടെ മൂല്യം റവന്യു വകുപ്പും കെട്ടിടങ്ങളുടേത് പൊതു മരാമത്തു വകുപ്പും നിശ്ചയിക്കും.
നഷ്ടപരിഹാരം നൽകുന്നതിനു 60 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. വികസനത്തിനായി എടക്കുന്നി വില്ലേജിലെ ഇരുനൂറോളം സർവേ നമ്പറുകളിൽ പെട്ട
ഒരേക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.ഭൂമി ഏറ്റെടുക്കുമ്പോൾ വ്യാപാരികളുടെയും അവിടത്തെ തൊഴിലാളി കുടുംബങ്ങളുടെയും ഭാവി കണക്കിലെടുത്തു വേണം പാക്കേജ് നിശ്ചയിക്കാനെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്ത് എത്രയും പെട്ടെന്ന് പുനർനിർമാണം പൂർത്തിയാക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും ഭാരവാഹികളായ സുനീഷ് ജോൺസൺ, ആന്റണി വർക്കി, റാഫി വടക്കേത്തല എന്നിവർ ആവശ്യപ്പെട്ടു.
തീർപ്പാകാതെ കോടതി നടപടികൾ
ജംക്ഷൻ വികസനത്തിനു തടസ്സമായി 3 കോടതി വിധികൾ നിലവിലുള്ളത് ആശങ്കയായി. ഒല്ലൂർ, തൃശൂർ റോഡിലെ ചീരാച്ചി മുതൽ തലോർ വരെ റോഡിലെ പുറമ്പോക്ക് കയ്യേറ്റങ്ങൾ പൊളിച്ചു നീക്കണമെന്ന 9 മാസം മുൻപുള്ള ഹൈക്കോടതി ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്.
ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ചാലക്കുടി സ്വദേശി ബാബു ജോസഫാണ് കയ്യേറ്റം ഒഴിവാക്കി ഒല്ലൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബർ 19-നാണ് കോടതി ഉത്തരവിറക്കിയത്.
ജില്ലാ സർവേയർ തയാറാക്കിയ സ്കെച്ച് പ്രകാരം കയ്യേറ്റം കണ്ടെത്തി ഒഴിവാക്കാൻ കലക്ടറോടും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറോടും ആണ് ആവശ്യപ്പെട്ടത്. ഇതിന്റെ നടപടികളുടെ ഭാഗമായി ചീരാച്ചിയിൽ ഭൂമി അളന്ന് കല്ലുകൾ സ്ഥാപിച്ചു.
എന്നാൽ പിന്നീട് നടപടികൾ നിലച്ചു. ഈ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബാബു ജോസഫ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഒല്ലൂർ സെന്ററിൽ കയ്യേറ്റം അളക്കാതെ പുറമ്പോക്ക് ഭൂമിക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള പുതിയ ശ്രമത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വീണ്ടും പരാതി നൽകുമെന്നും ബാബു ജോസഫ് അറിയിച്ചു.
പൊലീസ് സ്റ്റേഷൻ റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലെ താമസക്കാരും വ്യാപാരികളും നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി രണ്ടിടങ്ങളിലും താൽക്കാലിക സ്റ്റേ നൽകിയിട്ടുണ്ട്. എടക്കുന്നി റോഡ് വികസനത്തിന്റെ പേരിൽ 9 മാസം മുൻപ് ഈ റോഡുകൾ വീതി കൂട്ടിയിരുന്നു.
പ്രധാന റോഡ് അല്ലാത്തതിനാൽ ഇനിയും വികസനം വേണ്ട എന്ന ഇവരുടെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു.
ഈ കേസിൽ ഒക്ടോബർ 3 നു വാദം ആരംഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

