വിപണി വില നിയന്ത്രിക്കുന്നതിനും സാധാരണ ജനങ്ങൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ ഓണം ഫെയർ നീലേശ്വരത്ത് ആരംഭിച്ചു. നീലേശ്വരം തെരു ജംക്ഷനിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിൽ നടക്കുന്ന മേള രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
സന്ദീപ് വാരിയർ എംഎൽഎ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി ആദ്യ വിൽപന നിർവഹിച്ചു.
ആദ്യ ഗിഫ്റ്റ് കൂപ്പൺ മാമുനി വിജയനും, ഓണക്കിറ്റ് ബദരിയ ഹോട്ടൽ ഉടമ അഷ്റഫ് ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർപഴ്സൻ പി.എം.സന്ധ്യ, വാർഡ് കൗൺസിലർ വി.രാജം, ജില്ലാ സപ്ലൈ ഓഫിസർ എം.സുനിൽകുമാർ, കാഞ്ഞങ്ങാട് ഡിപ്പോ മാനേജർ എം.രവീന്ദ്രൻ, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസൽ, കെ.പി.നസീർ, സി.രാഘവൻ, ഹരീഷ് ബി.നമ്പ്യാർ, നാഷനൽ അബ്ദുല്ല, ടി.വി.ഉമേശൻ, വി.വി.കൃഷ്ണൻ, ഇടയില്യം രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചവാദ്യവും അരങ്ങേറി. ഉദ്ഘാടന ദിവസം സ്റ്റാളുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.
ഉത്രാട ദിനം വരെ നടക്കുന്ന ജില്ലാ ഓണം ഫെയറിൽ സബ്സിഡി സാധനങ്ങൾക്കു പുറമേ തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് അധിക വിലക്കിഴിവ് കൂടി ലഭിക്കും.
മലയാളിക്ക് ഇത്തവണയും വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി കുടുംബശ്രീയും രംഗത്തെത്തിയിട്ടുണ്ട്. വീടുകളിലും ഓഫിസുകളിലും നാടൻ രുചികളോടെയാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓണസദ്യ തയാറാക്കുന്നത്.
19 ഓളം വിഭവങ്ങളടങ്ങിയ സദ്യയാണ് ഇത്തവണ കുടുംബശ്രീ ഒരുക്കുന്നത്. ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, തോരൻ, ഓലൻ, കാളൻ, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാർ, ശർക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ അടങ്ങിയ പ്രീമിയം സദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്.
ഇതിന് പുറമേ മധുരപ്രിയർക്കായി അടപ്രഥമൻ, പാലട പ്രഥമൻ, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസങ്ങളും പ്രത്യേകം ലഭ്യമാകും.
അര ലീറ്റർ മുതൽ പായസം ഓർഡർ ചെയ്യാം. മിനിമം 5 സദ്യയെങ്കിലും ബുക്ക് ചെയ്യണമെന്നാണ് നിബന്ധന.
ജില്ലയിൽ സദ്യയുടെ മുൻകൂട്ടിയുള്ള ബുക്കിങ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകർക്കാവും ഓർഡർ കൈമാറുക.
കുടുംബശ്രീ സംരംഭകരിൽ നിന്ന് ഓണദിവസം നേരിട്ട് സദ്യ വാങ്ങാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

