ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആരെന്ന ചോദ്യത്തിന് പുതിയൊരു മാനമാനം നൽകിക്കൊണ്ട് കാനഡയിലെ ഒരു മുനിസിപ്പാലിറ്റി രംഗത്തെത്തിയിരിക്കുന്നു. മരങ്ങളെ കേവലം പ്രകൃതി വിഭവങ്ങൾ മാത്രമായി കാണാതെ, അവയെ ജീവനുള്ള സത്തകളായും സംരക്ഷിക്കപ്പെടേണ്ടവയായും അംഗീകരിച്ചിരിക്കുകയാണ് കാനഡയിലെ ക്യൂബെക്കിലുള്ള ടെറാസ്-വോഡ്രെയ് (Terrasse-Vaudreuil) മുനിസിപ്പാലിറ്റി.
ജൂൺ 9 -ന് ചേർന്ന കൗൺസിൽ യോഗത്തിൽ മരങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ അംഗീകരിക്കുന്ന നിർണായക പ്രമേയം മുനിസിപ്പാലിറ്റി ഏകകണ്ഠേന പാസാക്കുകയുണ്ടായി. ഇതോടെ ‘Universal Declaration of Tree Rights’ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി ടെറാസ്-വോഡ്രെയ് മാറി.
പരിസ്ഥിതി വക്താവും ക്യൂബെക്കിലെ വൃക്ഷങ്ങളുടെ അവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിനായി വാദിച്ച ലാ കോംപാഗ്നി ഡെസ് പാപ്പിലോൺസ് ബ്ലൂസിന്റെ സ്ഥാപകനുമായ റിക്കാർഡോ റേ എഴുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മരങ്ങൾക്ക് ജീവിക്കാനും വളരാനും അവയുടെ അഖണ്ഡത നിലനിർത്താനും പുനരുജ്ജീവിക്കാനുമുള്ള അവകാശങ്ങളുണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു.
ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് മരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, മനുഷ്യർ മരങ്ങളോട് ഉത്തരവാദിത്വത്തോടും ഐക്യദാർഢ്യത്തോടെയും പെരുമാറണമെന്ന് ഈ പ്രഖ്യാപനം ഊന്നിപ്പറയുന്നു. എന്നിരുന്നാലും, ഈ പ്രമേയം മരങ്ങൾക്ക് മനുഷ്യരെപ്പോലെ നിയമപരമായ വ്യക്തിത്വം നൽകുന്നില്ല.
കോടതിയിൽ സ്വതന്ത്രമായി അവകാശവാദം ഉന്നയിക്കാനുള്ള നിയമപരമായ അധികാരവും ഇതിലൂടെ ലഭിക്കില്ല. പകരം, മരങ്ങളോടുള്ള മനുഷ്യ സമൂഹത്തിന്റെയും പൊതുസ്ഥാപനങ്ങളുടെയും ഉത്തരവാദിത്വം നിർവചിക്കുന്ന നൈതിക, ശാസ്ത്രീയ, സാംസ്കാരിക, വിദ്യാഭ്യാസ ചട്ടക്കൂടായാണ് ഈ പ്രഖ്യാപനം വിഭാവനം ചെയ്തിരിക്കുന്നത്.
മേയർ മിഷേൽ ബൂർദോയുടെ അഭിപ്രായത്തിൽ, ക്യൂബെക്ക് സംവിധായകൻ ആന്ദ്രെ ദെഷ്രോഷെയുടെ ‘Des arbres et des arts’ എന്ന സിനിമയാണ് സമൂഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. മരങ്ങൾ ശ്വസിക്കുകയും ജീവിക്കുകയും വേരുകളിലൂടെ പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്യുന്ന ജീവികളാണെന്ന ആശയം ഈ സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്.
പുതിയ പ്രമേയത്തിന്റെ ഭാഗമായി നിലവിലെ ചട്ടങ്ങൾ പുനഃപരിശോധിച്ച്, മരം മുറിക്കേണ്ടി വന്നാൽ സംരക്ഷണമോ പകരം വൃക്ഷത്തൈ നട്ടുപിടിപ്പിക്കലോ ഉറപ്പാക്കാനാണ് നഗരത്തിന്റെ പദ്ധതി. താമസക്കാർക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാൻ സൗജന്യമായി തൈകൾ നൽകുന്നതും നഗരവൃക്ഷവൽക്കരണം വർധിപ്പിക്കുന്നതും മുനിസിപ്പാലിറ്റിയുടെ സജീവ പരിഗണനയിലുണ്ട്.
ചൂട് കുറയ്ക്കാനും വായു ശുദ്ധീകരിക്കാനും ജലവിഭവങ്ങൾ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിർത്താനും മരങ്ങൾ കാര്യമായി സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയെ “ഹരിത അടിസ്ഥാനസൗകര്യം” എന്നാണ് ടെറാസ്-വോഡ്രെയ് മേയർ വിശേഷിപ്പിച്ചത്.
അടുത്തകാലത്ത് മൂന്ന് തവണ വെള്ളപ്പൊക്കം നേരിട്ട പ്രദേശത്തെ ജനങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ, കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടത്തിൽ മരങ്ങളാണ് തങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിയെന്നും മേയർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

