തൃശൂർ ∙ വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന കുട്ടികൾക്കിടിയിലേക്കാണ് നൃത്തത്തിന്റെ അടിസ്ഥാനം പോലും അറിയാത്ത, കലോത്സവം എന്താണെന്ന് അറിയാത്ത ഒരുകൂട്ടം വിദ്യാർഥികൾ എത്തുന്നത്. നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ് അട്ടപ്പാട്ടിയിലെ ഒരുകൂട്ടം വിദ്യാർഥികളെ സംഘനൃത്തത്തിന്റെ വേദിയിലേക്ക് എത്തിച്ചത്.
രാത്രിയും പകലും ഇല്ലാതെ അവർ ആ വേദിക്ക് വേണ്ടി പരിശീലിച്ചു. അധ്യാപകരും പട്ടികവർഗ വികസന വകുപ്പും ഒപ്പം നിന്നു.
കാണാനും കയ്യടിക്കാനും സദസ്സിൽ രക്ഷിതാക്കൾ എത്തിയില്ല. എങ്കിലും അധ്യാപകർക്കൊപ്പം അവർ അരങ്ങിലെത്തി.
ആടി തകർത്തു.
‘ചെറുപ്പം മുതലെ നൃത്തം പഠിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
അമ്മ കിട്ടുന്ന പണിക്കൊക്കെ പോയാണ് ഞങ്ങളെ വളർത്തുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് കലോത്സവത്തിനു വേണ്ടിയുള്ള സെലക്ഷൻ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്.
പോയി നോക്കാൻ ടീച്ചർ പറഞ്ഞു. കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.
ഭാഗ്യം കൊണ്ട് സെലക്ഷൻ കിട്ടി. പിന്നീട് നന്നായി ഡാൻസ് പ്രാക്ടീസ് ചെയ്തു.
വൈകിട്ട് ക്ലാസ് കഴിഞ്ഞ് 5 മണി മുതൽ രാത്രി വരെ പ്രാക്ടീസ് ചെയ്യും.
പുലർച്ചെ 5 മണിക്ക് എഴുന്നേറ്റും പ്രാക്ടീസ് ചെയ്യുമായിരുന്നു. ഇവിടെ വരെ എത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യമായി സബ് ജില്ലയിൽ പോകുന്ന സമയത്ത് എന്താണ് സബ് ജില്ല, എന്താണ് കലോത്സവം എന്നൊന്നും അറിയില്ലായിരുന്നു. അന്ന് എല്ലാവരെയും കണ്ട് പേടിച്ചു.
ഇന്ന് പക്ഷേ ആ പേടി ഇല്ല. ഇവിടെ വരെ എത്താൻ കഴിഞ്ഞതിൽ സന്തോഷം’ – പ്ലസ് ടു വിദ്യാർഥിനിയായ കൃഷ്ണവേണി പറഞ്ഞു.
‘നൃത്തം പഠിക്കാത്ത വിദ്യാർഥികളാണ് ഇവർ.
ഇവരെ പഠിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഓഗസ്റ്റ് മുതൽ പരിശീലനം തുടങ്ങി.
പഠിച്ചെടുക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് ഇവിടെ വരെ എത്താൻ സാധിച്ചത്’ – നൃത്താധ്യാപികയായ അതുല്യ പറഞ്ഞു. ‘നൃത്തത്തോട് വലിയ അഭിരുചിയുള്ള കുട്ടികളാണ്. നിങ്ങൾ നന്നായി നൃത്തം ചെയ്താൽ സംസ്ഥാന തലം വരെ എത്തിക്കാം എന്ന് പറഞ്ഞിരുന്നു.
അതിന് എന്തായാലും സാധിച്ചു. വടക്കുംനാഥന്റെ മണ്ണിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.
ഇവിടെ വരുന്നതിന്റെ തലേദിവസം ഉറങ്ങാൻ കഴിഞ്ഞില്ലെന്നാണ് കുട്ടികൾ പറഞ്ഞത്’ – മുരളി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

