ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കം ഇറാൻ വീണ്ടും തടഞ്ഞതോടെ സമാധാന ശ്രമങ്ങളിൽ അനിശ്ചിതത്വം.യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. വ്യവസ്ഥകളില്ലാതെ ഹോർമുസ് തുറക്കുമെന്നത് കെട്ടുകഥയാണെന്നും ഇറാൻ പറയുന്നു.
അതിനിടെ യുഎസുമായി ധാരണയിലെത്തിയ ആദ്യ വെടിനിർത്തൽ ഈ മാസം 22ന് അവസാനിക്കും. ഇത് നീട്ടാനും സമാധാന ചർച്ചകൾക്ക് പുതിയ തീയതി നിശ്ചയിക്കാനും യുഎസ് തയാറായിട്ടില്ലെന്നും ഇറാൻ ആരോപിക്കുന്നു.
അടുത്ത ദിവസങ്ങളിൽ ഇരുവിഭാഗവും തമ്മിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കാനുള്ള സാധ്യതയുണ്ട്. കൂടുതൽ തീവ്രതയോടെ യുദ്ധം ചെയ്യാൻ ഇരുവിഭാഗവും തയാറെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
അങ്ങനെയെങ്കിൽ രാജ്യാന്തര വിപണിയിൽ വീണ്ടും ഇടിവ് തുടരും.
ക്രൂഡ് ഓയിൽ വില കുതിക്കും. സ്വർണവില വീണ്ടും ഇടിയാനും സാധ്യതയുണ്ട്.
യുഎസുമായുള്ള സമാധാന കരാർ അകലെയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പ്രതികരിച്ചു. ഇതും വിപണികളെ ബാധിക്കാൻ ഇടയുണ്ട്.
വിപണി രണ്ടാം ആഴ്ചയും നേട്ടത്തിൽ
ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 0.65 ശതമാനം കയറി 24,353.55ലെത്തി. സെൻസെക്സ് 0.65 ശതമാനം നേട്ടത്തിൽ 78,493.54ലും ക്ലോസ് ചെയ്തു.
∙ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മെച്ചപ്പെട്ടതും ക്രൂഡ് ഓയിൽ വില വില താഴ്ന്നതുമാണ് വിപണിയെ നേട്ടത്തിലാക്കിയത്.
തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് വിപണി നേട്ടത്തിലാകുന്നത്.
∙എഫ്എംസിജി ഓഹരികളാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യൂണിലിവർ 4.73 ശതമാനവും നെസ്ലെ ഇന്ത്യ 2.20 ശതമാനവും കയറി.
എനർജി, മെറ്റൽ ഓഹരികളും മുന്നിലായിരുന്നു.
∙മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1.5 ശതമാനത്തോളം നേട്ടത്തിലായിരുന്നു.
∙കാത്തിരിക്കുന്നത് കറുത്ത തിങ്കൾ?
പുതിയ ആഴ്ചയിലും ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലാവാനാണ് സാധ്യത. വെള്ളിയാഴ്ച നിഫ്റ്റിയിലെ ഫ്യൂച്ചർ വ്യാപാരം പോസിറ്റീവായിരുന്നെങ്കിലും പിന്നീട് സാഹചര്യം മാറി.
തിങ്കളാഴ്ച വിപണി നഷ്ടത്തിൽ വ്യാപാരം തുടങ്ങാനാണ് സാധ്യത. നിലവിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ വിപണി കൂടുതൽ നഷ്ടത്തിലേക്ക് നീങ്ങാനാണ് സാധ്യത.
∙ഇറാൻ യുദ്ധത്തിലെ വാർത്തകൾക്കൊപ്പം കമ്പനികളുടെ നാലാം പാദ ഫലങ്ങളും നിർണായകമാകും.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നാലാം പാദത്തിൽ മികച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. മുൻവർഷത്തേക്കാൾ 9 ശതമാനമാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ലാഭം വർധിച്ചത്.
ഐസിഐസിഐ ബാങ്കിന് 8.5 ശതമാനവും ലാഭം വർധിപ്പിക്കാനായി.
∙ഫിനാൻഷ്യൽ സർവീസ്, ബാങ്കിങ്, റിയൽറ്റി ഓഹരികൾ തിങ്കളാഴ്ച നിർണായകമാകും.
∙ഇന്ത്യൻ കപ്പലുകൾ ഹോർമുസിൽ തടഞ്ഞെന്ന വാർത്തകളും വിപണിയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
യുഎസിൽ റെക്കോർഡ്
വെള്ളിയാഴ്ച യുഎസ് ഓഹരി വിപണി നേടിയത് മികച്ച മുന്നേറ്റം. എസ് ആൻഡ് പി സൂചിക 1.2 ശതമാനം കയറി 7,126.06ലെത്തി.
ഇതാദ്യമായാണ് 7,100 എന്ന കടമ്പ കടക്കുന്നത്. നാസ്ഡാക് സൂചിക 1.52 ശതമാനം ഉയർന്ന് 24,468ലെത്തി.
തുടർച്ചയായ 13-ാം ദിവസവും സൂചിക കയറ്റത്തിലാണ്. 1992ന് ശേഷം ഇങ്ങനെയൊരു നേട്ടം ഇതാദ്യം.
ക്രൂഡ് ഇനി എങ്ങോട്ട്?
ഹോർമുസ് തുറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരുന്നു.
ബാരലിന് 94-100 ഡോളർ വിലയുണ്ടായിരുന്ന യുഎസ് ബ്രെന്റ് ക്രൂഡ് ഓയിൽ 86 ഡോളർ വരെ എത്തി. പിന്നീട് 90.40ൽ ക്ലോസ് ചെയ്തു.
എന്നാൽ പിന്നാലെ ഹോർമുസ് അടച്ചതായും മേഖലയിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പുണ്ടായെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് വിപണിയിലേക്കുള്ള ക്രൂഡ് ഓയിൽ വരവ് കുറയ്ക്കുമെന്നാണ് കരുതുന്നത്.
നാളെ വ്യാപാരം തുടങ്ങുമ്പോൾ വില വർധിക്കാനാണ് സാധ്യത. നിലവിലെ വിലയിൽ നിന്ന് 96-100 ഡോളറിലേക്ക് ഉയരാനാണ് സാധ്യത.
100 ഡോളർ പിന്നിട്ടാൽ വില 110ലേക്ക് കുതിക്കാനുള്ള സാധ്യതയുമുണ്ട്. ട്രെൻഡ് മാറുകയാണെങ്കിൽ വില 80 ഡോളറിലേക്ക് താഴാനും സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
എന്തുകൊണ്ട് ഹോർമുസ് നിർണായകം?
ആവശ്യം വരുന്നതിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഇതിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഹോർമുസ് കടക്കാതെ ഇന്ത്യയിലെത്തില്ല. ഇവിടെയുണ്ടാകുന്ന തടസങ്ങൾ രാജ്യാന്തര വിപണിയിലും ക്രൂഡ് ഓയിൽ വില കൂട്ടും.
ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിക്കും. ഇത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകും.
കമ്പനികളുടെ പ്രവർത്തന ചെലവ് കൂടും. ലാഭം കുറയും.
ഇത് വിപണിക്ക് നല്ല കാര്യമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

