ആലപ്പുഴ ∙ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാത്ത ഹൗസ്ബോട്ടുകൾ നാളെ മുതൽ വേമ്പനാട്ടു കായലിൽ സർവീസ് നടത്തരുതെന്നു നിർദേശമുണ്ടെങ്കിലും എല്ലാ ഹൗസ്ബോട്ടുകൾക്കും ആവശ്യമുള്ളത്ര മലിനീകരണ നിയന്ത്രണ സംവിധാനം ജില്ലയിലില്ല. ശുചിമുറി മാലിന്യം സംസ്കരിക്കാൻ തന്നെ വേണ്ടത്ര സംവിധാനമില്ലാതിരിക്കെയാണു പാത്രം കഴുകുന്ന വെള്ളം ഉൾപ്പെടെ ശേഖരിച്ചു ശുദ്ധീകരിക്കണമെന്നു കോടതി ഉത്തരവെത്തിയത്.
ഇതോടെ ഹൗസ്ബോട്ട് മേഖല ആശങ്കയിലായി.
ഹൈക്കോടതിയുടെ ജനുവരി 20ലെ ഇടക്കാല ഉത്തരവിലെ നിർദേശ പ്രകാരമാണു തുറമുഖ വകുപ്പ് പരിശോധന കർശനമാക്കുന്നത്. ഉത്തരവു പുറപ്പെടുവിച്ചു 3 മാസത്തിനു ശേഷം ഇത്തരം ഹൗസ്ബോട്ടുകൾ വേമ്പനാട്ടുകായലിൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ അടിസ്ഥാന സൗകര്യമില്ലാതെ എങ്ങനെ ഉത്തരവ് പാലിക്കാനാകും എന്നാണു ഹൗസ്ബോട്ട് ഉടമകളുടെ ചോദ്യം.
നിലവിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ ജില്ലയിൽ പ്ലാന്റ് ഇല്ല. ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആർ ബ്ലോക്കിൽ വാങ്ങി നൽകിയ സ്ഥലത്തു പ്രവർത്തിച്ചിരുന്ന സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) പ്രളയത്തിൽ കേടായി.
പിന്നീട് ഇതുവരെ ശരിയാക്കിയിട്ടില്ല. ചേർത്തല ഇൻഫോപാർക്കിലെ എസ്ടിപിയിൽ മാലിന്യം എത്തിക്കുന്നതു നാട്ടുകാർ തടയുകയും ചെയ്തു.
ഇതോടെ ഹൗസ്ബോട്ടുകളിൽ നിന്നുള്ള മാലിന്യം ലോറികളിൽ ശേഖരിച്ച് എറണാകുളം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ എത്തിച്ചാണു സംസ്കരിക്കുന്നത്. കുമരകത്തെ പ്ലാന്റിനെയും ചിലർ ആശ്രയിക്കുന്നുണ്ട്.
ഇപ്പോഴും എല്ലാ ഹൗസ്ബോട്ടുകൾക്കും ആവശ്യമുള്ളത്ര എസ്ടിപി സൗകര്യം ലഭ്യമല്ല.
ഇതിനു പുറമേയാണു വാഷ് ബേസിനിൽ നിന്നും അടുക്കളയിൽ നിന്നുമുള്ള വെള്ളവും സഞ്ചാരികൾ കുളിക്കുന്ന വെള്ളവും ശുദ്ധീകരിക്കണമെന്നു നിർദേശമെത്തിയത്. നിലവിൽ ഭൂരിഭാഗം ഹൗസ്ബോട്ടുകളിലും ഈ വെള്ളം കായലിലേക്ക് ഒഴുക്കുകയാണു ചെയ്യുന്നത്.
ബയോ ട്രീറ്റ്മെന്റ് സംവിധാനമുള്ള ടാങ്കുകളിൽ വച്ചു സംസ്കരിച്ച ശേഷം പുറന്തള്ളുന്നവയുമുണ്ട്. കോടതി ഉത്തരവ് തിടുക്കത്തിൽ നടപ്പാക്കാൻ വേണ്ടത്ര സംവിധാനമില്ലെന്നാണു ഹൗസ്ബോട്ട് ഉടമകൾ പറയുന്നത്.
ഓരോ യാത്രികനും 500–1000 ലീറ്റർ വെള്ളം ഉപയോഗിക്കും. ഇതത്രയും സംഭരിച്ചു സംസ്കരിക്കുക പ്രായോഗികമല്ല.
സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പുതിയ എസ്ടിപി പ്ലാന്റ് സി ബ്ലോക്കിൽ സജ്ജമാക്കുന്നുണ്ട്.
ഇതു പ്രവർത്തനം ആരംഭിക്കുന്നതോടെ ശുചിമുറി മാലിന്യം സംസ്കരിക്കാൻ ഇടമാകുമെങ്കിലും വെള്ളം ശേഖരിക്കുക ബുദ്ധിമുട്ടാകും. ഹൗസ്ബോട്ടുകളിൽ തന്നെ ബയോ ട്രീറ്റ്മെന്റ് നടത്തി പുറന്തള്ളുന്ന വെള്ളം പരിശോധിച്ചു ഗുണനിലവാരം ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ആവശ്യം.
ജില്ലയിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ 7 കിയോസ്കുകൾ ഉണ്ടെന്നും ഇവിടങ്ങളിലെത്തി വെള്ളം സംസ്കരിക്കാമെന്നും തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

