തൃശൂർ ∙ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽ നിന്ന് മാറ്റിയതിൽ പക്ഷികളും മൃഗങ്ങളുമായി ഇതുവരെ ചത്തത് 20 എണ്ണം. ഇന്നലെ പുള്ളിമാനുകൾ കൂട്ടത്തോടെ ചാകുന്നതിനു മുൻപ് 10 ജീവികൾ ചത്തിരുന്നു.
വൻതത്ത, ചുക്കർ പാർട്രിഡ്ജ്, വെള്ളിക്കോഴി എന്നീ ഇനങ്ങളിലെ ഓരോ പക്ഷികളും 4 വെള്ളിമൂങ്ങകളും 2 മോതിരത്തത്തകളും ഒരു പന്നിമാനുമാണ് നേരത്തെ ചത്തത്. ജീവികൾ ചത്ത സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും നടപടി എടുത്തിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
സെൻട്രൽ സൂ അതോറിറ്റി പുത്തൂർ മൃഗശാലയ്ക്ക് നൽകിയ താൽക്കാലിക പെർമിറ്റിന്റെ കാലാവധി 2024 മേയ് 20ന് കഴിഞ്ഞതാണെന്നാണ് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിനു ലഭിച്ച വിവരാവകാശനിയമ പ്രകാരമുള്ള മറുപടിയിൽ പറയുന്നത്.
സ്ഥിരം പെർമിറ്റിനായി നടപ്പാക്കേണ്ടതായി 26 കാര്യങ്ങളാണ് നിർദേശിക്കപ്പെട്ടിരുന്നത്. ഇതിൽ പലതും നടപ്പാക്കാത്തതിനാൽ പെർമിറ്റ് ലഭിച്ചിട്ടില്ല.
പാർക്കിൽ നടപ്പാക്കേണ്ട
സുരക്ഷാ ഓഡിറ്റിങ്ങും നടന്നിട്ടില്ല. ഇതിനകത്തെ കെട്ടിടങ്ങൾക്ക് സെൻട്രൽ മരാമത്ത് വകുപ്പിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും കിട്ടിയിട്ടില്ല.
മൃഗശാലയ്ക്കകത്ത് അലഞ്ഞുതിരിയുന്ന നായ്ക്കൾ നേരത്തേ ഉണ്ട്. കൂട്ടിലടയ്ക്കാതെ മൃഗങ്ങളെ പരിപാലിക്കുന്ന ഇവിടെ നിന്ന് നായ്ക്കളെ മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് വ്യക്തമല്ല.
വിദ്യാർഥികൾക്ക് ഇപ്പോൾ പാർക്കിൽ സന്ദർശനത്തിന് അനുമതി ഉണ്ട്. അവർക്കുള്ള സുരക്ഷയിലും വ്യക്തതയില്ല.
സുരക്ഷാ ഓഡിറ്റ് നടത്തണം
പാർക്കിന്റെ ആവാസ ഇടങ്ങൾ, അനുബന്ധ പ്രദേശങ്ങൾ എന്നിവയുടെ സുരക്ഷയെയും കാര്യക്ഷമതയും സംബന്ധിച്ച് സുരക്ഷാ ഓഡിറ്റ് അടിയന്തരമായി നടത്തണമെന്ന് ഫ്രണ്ട്സ് ഓഫ് സൂ. പാർക്കിൽ ഇതുവരെ നടത്തിയിട്ടുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളെ സംബന്ധിച്ചും വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെക്കൊണ്ട് അന്വേഷിച്ച് അപാകതകൾ തീർക്കണം.പാർക്കിൽ ഇപ്പോൾ ഉള്ളതും തൃശൂരിൽ നിന്നു കൊണ്ടുവരാൻ സാധ്യതയുള്ളതുമായ എല്ലാ മൃഗങ്ങൾക്കും അവിടുത്തെ ജീവനക്കാർക്കും സന്ദർശകരായി എത്തുന്നവർക്കും സുരക്ഷാ ഉറപ്പ് വരുത്തിയിട്ടുണ്ട് എന്ന കേന്ദ്ര മൃഗശാല അതോറിറ്റിയുടെ സാക്ഷ്യപത്രം ലഭ്യമാക്കണമെന്ന് ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി എം.പീതാംബരൻ പറഞ്ഞു.
മാനുകൾ ചത്തത് ഇന്നലെ പുലർച്ചെ
പുത്തൂർ മൃഗശാലയിൽ ഇന്നലെ പുലർച്ചെയാണു മാനുകൾ ചത്തത് എന്നാണു നിഗമനം.
രാവിലെ കീപ്പർമാർ കൂടിനരികിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പുള്ളിമാനുകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് തെരുവുനായ്ക്കൾ അതിക്രമിച്ചു കടക്കുകയായിരുന്നു എന്നാണ് മൃഗശാല അധികൃതർ വിശദീകരിക്കുന്നത്.
വിവരമറിഞ്ഞ് പാർക്കിൽ എത്തിയ മാധ്യമപ്രവർത്തകരെ ഗേറ്റിൽ തടഞ്ഞു.
സ്ഥലത്തില്ല എന്നാണ് ഡയറക്ടർ ബി.എൻ.നാഗരാജ് ഫോണിൽ പ്രതികരിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാരെല്ലാം തങ്ങൾ കരാർ ജീവനക്കാരാണെന്ന് മാത്രം പറഞ്ഞൊഴിഞ്ഞു.
ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിൽ മാനുകളുടെ പോസ്റ്റ്മോർട്ടം നടത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി ഏർപ്പെടുത്താതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത് എന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.
പ്രതിഷേധവുമായി കോൺഗ്രസ്
പുത്തൂർ ∙ മാനുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണയും സുവോളജിക്കൽ പാർക്കിന് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി. ധർണ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തും കുത്തിയിരിപ്പു സമരം കെപിസിസി ജനറൽ സെക്രട്ടറി എം.പി.വിൻസന്റും ഉദ്ഘാടനം ചെയ്തു.
മൃഗങ്ങൾക്കുള്ള സുരക്ഷ ഉറപ്പാക്കാതെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തിരക്കിട്ട് ഉദ്ഘാടനം നടത്തിയതാണ് മാനുകൾ ചാകാൻ ഇടയാക്കിയതെന്ന് വിൻസന്റ് പറഞ്ഞു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിനോയ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിസൺ വർഗീസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അൽജോ ചാണ്ടി, റെജി ജോർജ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

