തൃശൂർ ∙ ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം രാജ്യത്തെ നടുക്കുമ്പോൾ മൂന്നു പതിറ്റാണ്ടോളം മുൻപുണ്ടായ മറ്റൊരു സ്ഫോടനത്തിന്റെ ഭയാനക ഓർമ തൃശൂരിന് ഇന്നും ഞെട്ടലായി തുടരുന്നു. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്കു പുറപ്പെട്ട
ട്രെയിൻ 1997 ഡിസംബർ ആറിനു തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴുണ്ടായ ടൈംബോംബ് സ്ഫോടനത്തിൽ നാലു പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിന്റെ മേൽക്കൂര സ്ഫോടനാഘാതത്തിൽ തകർന്നു.
അതേ ദിവസം ട്രിച്ചിയിലും ഈറോഡിലുമായി 2 ട്രെയിനുകളിൽ കൂടി സ്ഫോടനമുണ്ടായപ്പോൾ ജീവൻ നഷ്ടമായവരുടെ എണ്ണം 10 ആയി ഉയർന്നു.
ചെന്നൈ – ആലപ്പി എക്സ്പ്രസിന്റെ ഒൻപതാം ബോഗിയിൽ ആർഡിഎക്സും ജലറ്റിൻ സ്റ്റിക്കും ടൈമറുമായി ബന്ധിപ്പിച്ചു സമയം ക്രമീകരിച്ചാണു ടൈംബോംബ് ഘടിപ്പിച്ചത്. ട്രെയിൻ ചാലക്കുടിപ്പുഴയ്ക്കു മീതെ മേൽപാലത്തിലെത്തുന്ന സമയത്തു പൊട്ടുന്ന വിധം ക്രമീകരിച്ചെങ്കിലും 40 മിനിറ്റോളം വണ്ടി വൈകിയതു ദുരന്തത്തിന്റെ ആഘാതം കുറച്ചു.
ബോംബ് പൊട്ടുമ്പോൾ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
പാലക്കാട് പേരൂർ മൂലയംപറമ്പിൽ മണികണ്ഠൻ, വാടാനപ്പിള്ളി എടശേരി സണ്ണി, ആലപ്പുഴ മണ്ണഞ്ചേരി തൈവള്ളിയിൽ ഗോപിനാഥ പിള്ള, എറണാകുളം തോട്ടുകടവിൽ ചിന്നമ്മ എന്നിവർക്കു ജീവൻ നഷ്ടമായി. ട്രെയിൻ ഓടിക്കൊണ്ടിരുന്ന സമയത്താണു ബോംബ് പൊട്ടിയിരുന്നതെങ്കിൽ ദുരന്തത്തിന്റെ ആഘാതം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഭീകരമായേനെ.ആലപ്പി എക്സ്പ്രസിനൊപ്പം ചെന്നൈയിൽ നിന്നു തന്നെ പുറപ്പെട്ട
ചേരൻ എക്സ്പ്രസും പാണ്ഡ്യൻ എക്സ്പ്രസുമാണ് സ്ഫോടനങ്ങളുണ്ടായ മറ്റ് 2 ട്രെയ്നുകൾ.
മൂന്നു ട്രെയിനുകളിലുമായി ആകെ എഴുപതോളം പേർക്കു പരുക്കേറ്റിരുന്നു. മുല്ലശേരി സ്വദേശി അയൂബ് എന്നയാളാണു തൃശൂരിലെ സ്ഫോടനത്തിന്റെ സൂത്രധാരൻ എന്നു പിന്നീട് അന്വേഷണ ഏജൻസി കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് എന്ന സംഘടന ഏറ്റെടുത്തെങ്കിലും ഓൾ ഇന്ത്യ ജിഹാദ് കമ്മിറ്റി നേതാക്കളടക്കം പിന്നീട് കേസിൽ അറസ്റ്റിലായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

