കൊച്ചി ∙ ‘‘യാത്രയ്ക്കിടെ സിഗരറ്റിന്റെ ഗന്ധം സഹിക്കാൻ പറ്റാതായപ്പോൾ കൂട്ടുകാരിയാണ് പോയി നോക്കിയത്. ലേഡീസ് കംപാർട്മെന്റിന്റെ വാതിലിൽ നിന്നു രണ്ടു പയ്യൻമാർ സിഗരറ്റ് വലിക്കുകയാണ്.
കൂലിപ്പണിയും കഴിഞ്ഞു വന്നു തളർന്നിരിക്കുന്ന ചേച്ചിമാരൊക്കെ ഇതു സഹിക്കാനാകാതെ ഇരിക്കുകയാണ്. പ്രതികരിക്കാൻ പോകേണ്ടെന്ന് എന്നെ വിലക്കിയതു കൂടെയുള്ളവരാണ്.
അവന്മാർ എന്തു തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോ, ചോദിക്കേണ്ട എന്ന് എല്ലാവരും പറഞ്ഞു.
‘അന്നു ഞാനതു ചോദ്യം ചെയ്തെങ്കിൽ, ഒരുപക്ഷേ കേരള എക്സ്പ്രസിൽ പെൺകുട്ടി ആക്രമിക്കപ്പെട്ടതു പോലുള്ള സംഭവം നടന്നേനെ’’, എറണാകുളത്ത് ജിഎസ്ടി ഓഫിസിൽ ജോലി ചെയ്യുന്ന ചിത്രാംബിക ഇതു പറഞ്ഞപ്പോൾ കായംകുളം– എറണാകുളം പാസഞ്ചറിലെ ലേഡീസ് കംപാർട്മെന്റ് നിശബ്ദമായി.
കാരണം ദിവസവും ഈ അരക്ഷിതാവസ്ഥ അനുഭവിച്ചു യാത്ര ചെയ്യുന്നവരാണവർ. സുരക്ഷാ പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും നടുവിലാണ് സ്ത്രീകളുടെ ട്രെയിൻ യാത്ര.
വേണം പൊലീസ്,ടിക്കറ്റ് എക്സാമിനർ
ജോലി കഴിഞ്ഞു വീടെത്താൻ തിരക്കുള്ള ട്രെയിനിൽ തിങ്ങിനിറഞ്ഞു നിന്നു യാത്ര ചെയ്യുന്നതിനു പുറമേയാണ് വനിതാ യാത്രക്കാർ നേരിടുന്ന അരക്ഷിതാവസ്ഥ.
ജനറൽ കംപാർട്മെന്റിലെ തിക്കുമുട്ടലും പൊല്ലാപ്പുകളും ഒഴിവാക്കാനാണ് ആകെയുള്ള രണ്ടോ മൂന്നോ ‘ലേഡീസ്’ കംപാർട്മെന്റുകളിൽ തന്നെ കയറിക്കൂടുന്നത്. പക്ഷേ അതുകൊണ്ടു മാത്രം ‘സുരക്ഷ’ ഉറപ്പാകുന്നില്ലെന്ന് ഇവർക്കറിയാം.
എറണാകുളത്തു നിന്നു വൈകിട്ട് ആറരയോടെ പുറപ്പെടുന്ന പാസഞ്ചർ ആലപ്പുഴ കഴിഞ്ഞാൽ ലേഡീസ് കംപാർട്മെന്റിലെ തിരക്കു കുറയും. പിന്നീടു യാത്ര ചെയ്യുന്നവർക്ക് ഇറങ്ങേണ്ട
സ്ഥലമെത്തുവരെ മനസ്സിൽ അങ്കലാപ്പാണ്.
‘‘കേരള എക്സ്പ്രസിലുണ്ടായ സംഭവത്തിനു ശേഷം രണ്ടു ദിവസം പൊലീസുണ്ടായിരുന്നു. പിന്നെ കാണാനില്ല.
തിങ്ങി നിറഞ്ഞാണ് യാത്ര തുടങ്ങുന്നതെങ്കിലും ചില സ്റ്റേഷനുകൾ കഴിയുന്നതോടെ ഇതു കാലിയാകും’’, യാത്രക്കാരിയായ രാജശ്രീ പറയുന്നു. ‘‘ആളു കുറഞ്ഞാൽ മനസ്സിൽ പേടി വരും.
എവിടെയാണ് ഇറങ്ങുന്നതെന്നു പരസ്പരം ചോദിച്ചു മറ്റുള്ളവരുടെ അടുത്തായാണ് പിന്നെ ഇരിക്കുക’’– കായംകുളം സ്റ്റേഷനിൽ ഇറങ്ങേണ്ട ഗീതു പറഞ്ഞു.
‘‘വല്ലപ്പോഴും മാത്രം വന്നുപോകാതെ, സ്ഥിരമായി പൊലീസ് ഡ്യൂട്ടിയിലുണ്ടായാൽ സ്ത്രീകൾക്കു പേടിയില്ലാതെ യാത്ര െചയ്യാമല്ലോ.
ടിക്കറ്റ് എക്സാമിനർ പോലും വരാറില്ല. പൊലീസ് അല്ലെങ്കിൽ എക്സാമിനർ ഉണ്ടായാൽ മതി.
അതൊരു ധൈര്യമാണ്. എന്തെങ്കിലും പ്രശ്നമുണ്ടാൽ പറയാമല്ലോ’’– തങ്കമണി ചോദിക്കുന്നു.
കൃത്യമായി ടിക്കറ്റ് പരിശോധന നടത്തിയാൽ തന്നെ പകുതി പ്രശ്നം തീരുമെന്ന അഭിപ്രായമാണ് ചിത്രാംബികയ്ക്കും ലക്ഷ്മിക്കും.
സുരക്ഷ വേണം;സൗകര്യങ്ങളും
ട്രെയിൻ യാത്രയ്ക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീസുരക്ഷയെക്കുറിച്ചു സംസാരിക്കും എന്നല്ലാതെ തുടർ നടപടികളുണ്ടാകുന്നില്ലെന്ന് ഒരേ ശബ്ദത്തിൽ പറയുന്നു യാത്രക്കാർ. ‘‘സ്റ്റേഷനിൽ സിസിടിവി ക്യാമറകൾ കാര്യക്ഷമമാക്കണം.
പ്രധാന സ്റ്റേഷനായിട്ടു പോലും എറണാകുളം ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എല്ലായിടത്തും ക്യാമറയില്ല. സ്ത്രീകൾക്കെതിരെ അതിക്രമം കാണിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം.
സൗമ്യ കേസിലെ പ്രതി ഗോവിന്ദ ചാമി ഒരു വലിയ ഉദാഹരണമായി ഇവിടെ നിൽക്കുമ്പോൾ എങ്ങനെയാണ് അക്രമികൾക്കു പേടിയുണ്ടാകുക’’– ഫ്രണ്ട്സ് ഓഫ് റെയിൽ ആലപ്പുഴ ജില്ലാ പ്രസിഡന്റായ ബിന്ദു വയലാർ ചോദിക്കുന്നു.വൈകിട്ട് പാസഞ്ചറുകളിൽ ശ്വാസമെടുക്കാൻ പോലും പറ്റാത്ത തിരക്കിലാണ് യാത്ര.
പരാതികളും നിവേദനങ്ങളും നൽകിയശേഷം വർധിപ്പിച്ച ലേഡീസ് കംപാർട്മെന്റുകൾ സ്ഥിരമായി നിലനിർത്തണമെന്ന ആവശ്യം കൂടി പങ്കുവയ്ക്കുന്നു സ്ത്രീകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

